സി.എം.എസ് പ്രസ് ദ്വിശതാബ്ദിയിലേക്ക്; ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷം

കേരളത്തിലെ ആദ്യത്തെ അച്ചടിശാലയായ കോട്ടയം സി.എം.എസ് പ്രസ് ദ്വിശതാബ്ദിയിലേക്ക്.  ഇതിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് കോട്ടയത്ത് തുടക്കമായി. ഇംഗ്ലണ്ടിൽ നിന്നും ആദ്യമായി കേരളത്തിലേക്ക് എത്തിച്ച അച്ചടിയന്ത്രം സി.എം.എസ് പ്രസിൽ സൂക്ഷിച്ചിട്ടുണ്ട്.

കോട്ടയത്ത് ആദ്യമായി അച്ചടി യന്ത്രം എത്തുന്നത് 1821 ഒക്ടോബർ 18 നാണ്. ഇംഗ്ലണ്ടിൽ നിന്ന് കടൽകടന്നെത്തിയ യന്ത്രം കോട്ടയം ചാലുകുന്നിലെ സി എം എസ് പ്രസിൽ ഇന്നും സുരക്ഷിതമായുണ്ട്. മലയാളം അച്ചടിയുടെ പിതാവായ ബെഞ്ചമിൻ ബെയ്ലിയുടെയും തിരുവതാംകൂർ ദിവാനായിരുന്ന കേണൽ ജോൺ മൺറോയുടെയും ശ്രമഫലമായാണ് യന്ത്രം മലയാളക്കരയിലെത്തിയത്. 1827 ൽ ഇതേ മാതൃകയിൽ തടിയിൽ മറ്റൊരു അച്ചടി യന്ത്രം ബെഞ്ചമിൻ ബെയ്ലി നിർമ്മിച്ചു.

ഇംഗ്ലണ്ടിൽ നിന്നും ആദ്യം എത്തിച്ച അച്ചടി യന്ത്രത്തിൽ ഉപയോഗിക്കുവാനായി മദ്രാസ് ഫോർട്ട് സെന്റ് ജോർജ്ജ് കോളേജിൽ നിന്നാണ് അച്ചുകൾ എത്തിച്ചത്. ഇവയുടെ പോരായ്മകൾ പരിഹരിച്ച് വടിവൊത്ത അച്ചുകളും ബെയ്ലി പിന്നീട് നിർമ്മിച്ചു. തുടർന്ന് സിഎംഎസ് പ്രസിൽ ഉപയോഗത്തിലുണ്ടായിരുന്ന പല തരത്തിലുള്ള അച്ചടിയന്ത്രങ്ങളും അനുബന്ധ യന്ത്രങ്ങളും ഇപ്പോഴും ഇവിടുണ്ട്. അച്ചടിയുടെ ചരിത്രത്തെക്കുറിച്ച് പുതുതലമുറയ്ക്ക് അറിവ് പകരാൻ സഹായകരമാണ് ഇവ.  ആദ്യ അച്ചടിയന്ത്രം കോട്ടയത്ത് എത്തിയിട്ട് രണ്ട് നൂറ്റാണ്ടോട് അടുക്കുമ്പോൾ കേരളത്തിൽ ആദ്യമായി അച്ചടി ആരംഭിച്ച സി എം എസ് പ്രസിന്റെ ദ്വിശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി. സി എം എസ് പ്രസിൽ സി എസ് ഐ മധ്യകേരള മഹായിടവക ബിഷപ് തോമസ് കെ ഉമ്മൻ ആഘോഷങ്ങളുടെ ഉദ്ഘാടനവും ദ്വിശതാബ്ദി ലോഗോ പ്രകാശനവും നിർവഹിച്ചു.