നിര്‍ധനയായ വീട്ടമ്മയ്ക്ക് വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി നല്‍കി അങ്കമാലി നഗരസഭ

നിര്‍ധനയായ വീട്ടമ്മയ്ക്ക് വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി നല്‍കി അങ്കമാലി നഗരസഭ. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതെ 20 വര്‍ഷമായി അങ്കമാലിയിലും പരിസരപ്രദേശങ്ങളിലും ജീവിച്ചു വരികയായിരുന്ന പൊന്നമ്മ ഹരിദാസിനാണ് നാട്ടുകാരുടെ കൂടി സഹായത്തോടെ നഗരസഭ വീട് നിര്‍മിച്ചു നല്‍കിയത്.  

ദാരിദ്ര്യത്തിന്റെ ‌പടുകുഴിയില്‍ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് പൊന്നമ്മയ്ക്കും കുടുംബത്തിനും അങ്കമാലി നഗരസഭ വീടെന്ന തണലൊരുക്കുന്നത്. 12 വര്‍ഷത്തോളം ചെലവ് പ്രതീക്ഷിക്കുന്ന വീടിന്റെ നിര്‍മാണം ഒന്നര മാസത്തിനുള്ളില്‌‌ പൂര്‌ത്തീകരിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. അങ്കമാലിയിലെ ജനങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും സഹായത്തോടെയാണ് വീട് നിര്‍മാണത്തിനുള്ള തുക നഗരസഭ കണ്ടെത്തിയത്.  പൊന്നമ്മയുടെ ഭര്‍ത്താവ് ഹരിദാസിന് ബിസിനസില്‍ സംഭവിച്ച നഷ്ടമാണ് വര്‍ഷങ്ങള്‌ക്ക് മുന്‍പ് ഈ കുടുംബത്തെ തീരാദുരിതത്തിലേക്ക് തള്ളിയിട്ടത്. സാമ്പത്തിക തകര്‍ച്ചയ്്ക്ക് പിറകെ ഹരിദാസിന്റെ ആരോഗ്യം മോശമായി. ചികിത്സയ്ക്കും മറ്റുമായി വീടും സ്ഥലവും വിറ്റു. ഭര്‍ത്താവിന്റെ മരണശേഷം വാടക വീടുകളായിരുന്നു ആശ്രയം. ഇളയ മകന്റെ തുച്ഛമായ വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം. 2018ലെ പ്രളയത്തില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട് തകര്‍ന്നതോടെ മകന്റെ സുഹൃത്തിന്റെ വീട്ടിലാണ് താമസം. നാല് വര്‍ഷം മുന്‍പ് നഗരസഭയില്‍ വീടിനായി അപേക്ഷ നല്കിയിരുന്നുവെങ്കിലും സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ ധനസഹായം ലഭിച്ചില്ല. ഇതോടെയാണ് നഗരസഭ തന്നെ മുന്‍കയ്യെടുത്ത് രണ്ട് സെന്റ് ഭൂമി വാങ്ങി നല്‍കിയത്.

ഇപ്പോഴിതാ വീട് നിര്‍മിക്കുന്നതിന് ആവശ്യമായ തുകയും നഗരസഭ തന്നെ സമാഹരിച്ച് നല്‍കി. ഇനി ഒന്നരമാസം കൂടി നീളുന്ന കാത്തിരിപ്പ് മാത്രം. വീടെന്ന തണല്‍ പൊന്നമ്മക്കും കുടുംബത്തിനും സ്വന്തമാകാന്‍.