ഒരു ജീവന്‍ പൊലിഞ്ഞിട്ടും പാഠം പഠിക്കാതെ കോട്ടയത്തെ കെഎസ്ഇബി ഉദ്യോഗസ്ഥർ

ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ ഒരാള്‍ക്ക് ജീവന്‍ പൊലിഞ്ഞിട്ടും പാഠം പഠിക്കാതെ കോട്ടയത്തെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍. ചെങ്ങളം ഇല്ലത്തുകവലയില്‍ ഒരുവര്‍ഷത്തിലേറെയായി മരത്തില്‍കുരുങ്ങി ചരിഞ്ഞ് നില്‍ക്കുന്ന വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കാന്‍ ഇതുവരെ നടപടിയില്ല. രേഖാമൂലം പരാതി നല്‍കിയിട്ടും വകവയ്ക്കാത്ത കെഎസ്ഇബി ഉദ്യോഗസ്ഥര്‍ മറ്റൊരു ദുരന്തത്തിനായി കാത്തിരിക്കുകയാണ്. 

അയ്മനം സെക്ഷന്‍റെ പരിധിയില്‍ നിന്നാണ് അപകടം ക്ഷണിച്ച് വരുത്തുന്ന ഈ കാഴ്ച. സദാസമയം വൈദ്യുതി പ്രവഹിക്കുന്ന കമ്പികള്‍ കൊന്നമരത്തില്‍ കുരുങ്ങിയിട്ട് വര്‍ഷം ഒന്ന് പിന്നിട്ടു. കടപുഴകിയ പോസ്റ്റ് നിലംപൊത്താത്തതിന് കാരണവും മരത്തിലെ ഈ കുരുക്കാണ്. 

കാറ്റടിച്ചാലും മഴ പെയ്താലും പ്രദേശത്ത് വൈദ്യുതി മുടങ്ങും. ഫ്യൂസ് മാറ്റിക്കെട്ടി ജീവനക്കാര്‍ മടങ്ങുന്നതല്ലാതെ അപായ കുരുക്കഴിക്കാന്‍ മിനക്കെടാറില്ല.

വൈദ്യുതി കമ്പികളില്‍ ഒന്ന് പൊട്ടിവീണതിന് പിന്നാലെ നാട്ടുകാര്‍ രേഖാമൂലവും പരാതി നല്‍കി. കരാറുകാരനെ പഴിചാരി ഉദ്യോഗസ്ഥര്‍ കയ്യൊഴിഞ്ഞു. ഇല്ലത്തുകവല കളപ്പുരത്താഴെ റോഡിലൂടെ സഞ്ചരിക്കുന്നവരുടെ ജീവനും അപകടത്തിലാണ്.

വെള്ളത്തില്‍ തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ നിരവധി വൈദ്യുതി ലൈനുകളും പ്രദേശത്തുണ്ട്. ഇതിലൊന്നും വൈദ്യുതി പ്രവാഹമില്ലെന്ന് കെഎസ്ഇബി ആവര്‍ത്തിക്കുമ്പോളും വൈക്കത്ത് കര്‍ഷകന്‍റെ മരണം നാട്ടുകാരെ ആശങ്കപ്പെടുത്തുന്നു.