കരിങ്കൽക്കെട്ടുകൾ തകർന്നു; നിലംപൊത്താറായി വാക്കേക്കടവ് പാലം

ദുരന്ത മുന്നറിയിപ്പായി ഒരു പാലം. കല്ലൂപ്പാറ– കവിയൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വാക്കേക്കടവ് പാലം തകര്‍ച്ചയില്‍. പാലത്തിന്‍റെ ബീമുകള്‍ ചേരുന്ന ഭാഗത്ത് കരിങ്കല്‍കെട്ട് നിലംപതിക്കാറായി.

അധികാരികളില്‍ പലരും കണ്ടിട്ടുപോയതാണ് വാക്കേക്കടവ് പാലത്തിന്റെ ഈ  ദുര്‍ഗതി. കല്ലൂപ്പാറ– കവിയൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ച്ചയുടെ വക്കിലായത്.ശാസ്താങ്കല്‍–മുണ്ടിയപ്പള്ളി റോഡില്‍ വാക്കേക്കടവ് പാടശേഖരത്തിനു മധ്യത്തില്‍  പനയമ്പാല തോടിനു കുറകെയാണ് പാലം. മൂന്നു സ്പാനുകളായി നിര്‍മിച്ചിരിക്കുന്ന പാലത്തിന് അരനൂറ്റാണ്ടോളം കാലപ്പഴക്കമുണ്ട് .  പാലത്തിന്‍റെ കോണ്‍ക്രീറ്റ് ഇളകിപ്പൊളിഞ്ഞ് കമ്പികള്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്നു.നൂറുകണക്കിന് ‍വാഹനങ്ങളും കാല്‍നടയാത്രക്കാരും കടന്നു പോകുന്ന പാതയാണിത്.നേരത്തെ സ്വകാര്യ ബസ് സര്‍വീസും ഉണ്ടായിരുന്നു.  പാലത്തിനു താഴെയുള്ള കല്‍ക്കെട്ടുകളും തകര്‍ന്നു

പാലവുമായി ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡിന്‍റെ ഭാഗവും തകര്‍ന്നു. റോഡിന്‍റെ ഇരുവശങ്ങളിലുമുള്ള കരിങ്കല്‍കെട്ട് ഇളകിമാറിയ നിലയിലാണ്. ടാറിങ്ങും പൊട്ടിപ്പൊളിഞ്ഞു.പാലത്തിന്‍റെ ഇരുകരകളിലായി ടാറിങ്ങ് പൊളിഞ്ഞ ഭാഗത്ത് കാല്‍നടയാത്രപോലും ബുദ്ധിമുട്ടാണ്. പാടശേഖരത്തിന്‍റെ മധ്യത്തിലൂടെയുള്ള പാതയായതിനാല്‍  ഈ പ്രദേശത്ത് മഴക്കാലത്ത് വെള്ളംകയറി ഗതാഗതം തടസപ്പെടുന്നതും പതിവാണ്. പാലത്തിന്‍റെ  ബലക്ഷയം കാരണം കൊയ്ത്തുമെതിയന്ത്രങ്ങള്‍ കൊണ്ടുവരുന്നതിനും ബുദ്ധിമുട്ടുണ്ട്.