വട്ടവടയിലെ വി.എഫ്.പി.സി.കെയ്‌ക്കെതിരേ അഴിമതി ആരോപണവുമായി കര്‍ഷകർ

ഇടുക്കി വട്ടവടയിലെ വി.എഫ്.പി.സി.കെയ്‌ക്കെതിരേ അഴിമതി ആരോപണവുമായി കര്‍ഷകരും ഗ്രാമ പഞ്ചായത്തും രംഗത്ത്. കര്‍ഷകര്‍ക്ക് വിതരണം ചെയ്ത പമ്പ് ഗുണനിലവാരമില്ലാത്തതെന്നാണ് പരാതി. അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് കൃഷി മന്ത്രിക്ക് പരാതി നല്‍കി.

വിത്തുമുതല്‍ വിപണിവരെ എന്ന മുദ്രാവാക്യമുയര്‍ത്തുന്ന വി എഫ് പി സി കെ വട്ടവടയില്‍ അഴിമതിയുടെ കേന്ദ്രമാണെന്നാണ് ആരോപണം. കര്‍ഷകരില്‍ നിന്ന് ഇവര്‍ പച്ചക്കറി സംഭരിച്ച് ഹോര്‍ട്ടി കോര്‍പ്പിനാണ് നല്‍കുന്നത്. ലാഭമീടാക്കിയുള്ള  ഇടനിലക്കാരന്റെ പ്രവര്‍ത്തനം. ഇതോടൊപ്പം വി എഫ് പി സി കെ വഴി നടപ്പിലാക്കുന്ന പദ്ധതികളില്‍ വലിയ അഴിമതിയും നടത്തുന്നുണ്ടെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. ലക്ഷങ്ങള്‍ മുടക്കി വിതരണം ചെയ്ത പമ്പ്കള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കും   ഗുണനിലവാരമില്ല. 

പമ്പുകള്‍ വിതരണം നടത്തിയതും  വിചിത്രമായ രീതിയിലാണ്. ഒരു കര്‍ഷകന് ഒരു പമ്പ് എന്നതിന് പകരം ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ഓരോ പമ്പ് എന്ന രീതിയിലാണ്  വിതരണം. ഇതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് കാണിച്ച്  പഞ്ചായത്ത്  കൃഷി  മന്ത്രിയ്ക്ക്  പരാതി നല്‍കി. 

ഇടനിലക്കാരയ കച്ചവടക്കാരാണ്   വി എഫ് പി സി കെയുടെ  പ്രവര്‍ത്തനം നിയന്ത്രിക്കുന്നതെന്നും ആക്ഷേപമുണ്ട്. അതിനാല്‍ ഭരണസമതി പിരിച്ച് വിട്ട് വിജിലന്‍സ് അന്വേഷണം നടത്തണമെന്നാണ് കര്‍ഷകരുടേയും പഞ്ചായത്ത് ഭരണസമതിയുടേയും ആവശ്യം.