അപ്രോച്ച് റോഡില്ല; റയില്‍വേ മേല്‍പ്പാലം അ‌ടഞ്ഞുതന്നെ; വലഞ്ഞ് ജനം

നിർമാണം പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും ഗതാഗതത്തിനായി  തുറന്നുകൊടുക്കാനാകാത്ത ഒരു പാലമുണ്ട് എറണാകുളത്ത്. മുളന്തുരുത്തി - ചെങ്ങോലപ്പാടം റയിൽവേ മേൽപ്പാലം. പാലത്തിലേക്ക് അപ്രോച്ച് റോഡില്ലാത്തതാണ് കാരണം. സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായിട്ടും റോഡ് നിർമാണം എങ്ങുമെത്തിയിട്ടില്ല. 

ഇതൊരു തൂക്കുപ്പാലമൊ കവാടമോ അല്ല. മുളന്തുരുത്തി - ചോറ്റാനിക്കര റോഡിലെ ചെങ്ങോലപ്പാടം റെയിൽവേ മേൽപ്പാലമാണ്. പാലത്തിന്റെ നിർമാണം റെയിൽവേ പൂർത്തിയാക്കി. അപ്രോച്ച് റോഡിന്റെ നിർമാണ ചുമതല റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനാണ്. സ്ഥലം ഏറ്റെടുത്തെങ്കിലും പല കാരണങ്ങളാൽ നിർമാണം ഇതുവരെ തുടങ്ങിയിട്ടില്ല. തിരക്കുള്ള റെയിൽപാതയായതിനാൽ പതിനഞ്ച് മുതൽ ഇരുപത് മിനിട്ട് ഇടവിട്ട് ഗേറ്റ് അടച്ചിടും. ഈ സമയങ്ങളിലെ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് മേൽപ്പാലം നിർമിച്ചത്. 

റോഡ് നിർമാണം തുടങ്ങാത്തതിൽ പിറവം എംഎൽഎ അനൂപ് ജേക്കബ് നിയമസഭയിലടക്കം പ്രതിഷേധമുന്നയിച്ചിരുന്നു. അപ്രോച്ച് റോഡ് പണിത് മേൽപ്പാലം എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.