അഴിമതിയുടെയും അനാസ്ഥയുടെയും പ്രതീകമായി വൈക്കം വെച്ചൂരിലെ മൃഗാശുപത്രി

തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും അഴിമതിയുടെയും അനാസ്ഥയുടെയും പ്രതീകങ്ങളിലൊന്നാണ് വൈക്കം വെച്ചൂരിലെ മൃഗാശുപത്രി. പതിനെട്ട് വര്‍ഷം മുന്‍പ് നിര്‍മിച്ച കെട്ടിടം നിര്‍മാണത്തിലെ അപാകതമൂലം മണ്ണില്‍താഴ്ന്നതോടെ വാടക കെട്ടിടത്തിലാണ് ആശുപത്രിയുടെ പ്രവര്‍ത്തനം.  പണി പൂര്‍ത്തിയാക്കാതെ ജനകീയ കമ്മിറ്റികൺവീനർ കൈപ്പറ്റിയ അധികതുക തിരിച്ചുപിടിക്കാനുള്ള നടപടികളും എങ്ങുമെത്തിയില്ല.

2002ല്‍ ജനകീയാസൂത്രണ പദ്ധതിയിൽ ഉള്‍പ്പെടുത്തിയാണ് വെച്ചൂരില്‍ പത്ത് സെന്‍റില്‍ മൃഗാശുപത്രി നിര്‍മിച്ചത്. മൃഗസംരക്ഷണവകുപ്പിൻ്റെ 5 ലക്ഷം രൂപകൊണ്ട് എട്ട് മുറികളും മൃഗങ്ങൾക്കുള്ള ശസ്ത്രക്രിയ സംവിധാനങ്ങളും സജ്ജമാക്കുമെന്നായിരുന്നു പ്രഖ്യാപനം. കെട്ടിട നിര്‍മാണത്തിനായി പഞ്ചായത്ത് നല്‍കിയത് ചതുപ്പ്നിലം. പ്ലാന്‍ പ്രകാരമുള്ള കെട്ടിട നിര്‍മാണത്തിന് സ്ഥലം തികയാതെ വന്നതോടെ സമീപത്തെ തോടും നികത്തി. ഒടുവില്‍ നിര്‍മിച്ച കെട്ടിടം ചതുപ്പില്‍ പൂഴ്ന്നുപോയി. ലക്ഷങ്ങള്‍ ഇതുവഴി നഷ്ടപ്പെടുത്തിയതിന് പുറമെ വർഷങ്ങളായി വാടക കെട്ടിടത്തിൽ മൃഗാശുപത്രി പ്രവർത്തിക്കുന്നതിലൂടെയും നഷ്ടകണക്ക് ഉയരുകയാണ്. 

ഓഡിറ്റിങിലാണ് ജനകീയ കമ്മിറ്റി കൺവീനർ അധിക പണം കൈപ്പറ്റിയതായി കണ്ടെത്തിയത്. തുകയും പലിശയും അടക്കം ഒരു ലക്ഷത്തി അറുപതിനായിരം രൂപ തിരികെ പിടിക്കണമെന്നും ആവശ്യപ്പെട്ടു .ഇതോടെ വിഷയം കോടതി കയറി. ഒടുവില്‍ അന്ന് പദ്ധതി നടത്തിപ്പിന്‍റെ ചുമതലയുള്ള മൃഗഡോക്ടറുടെ പക്കല്‍ നിന്ന് അധിക തുക ഈടാക്കണമെന്ന് മൃഗസംരക്ഷണവകുപ്പിനെ അറിയിച്ച് കയ്യൊഴിഞ്ഞിരിക്കുകയാണ് പഞ്ചായത്ത്. 50 ലക്ഷം മുടക്കി ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കുന്ന പഞ്ചായത്തിലാണ് കെടുകാര്യസ്ഥതയുെട ഈ നേര്‍കാഴ്ച.