മെട്രോസ്റ്റേഷന്‍ നിര്‍മാണത്തിനിടെ മണ്ണിടിച്ചില്‍; ആശങ്കയില്‍ നാട്ടുകാര്‍

തൃപ്പൂണിത്തുറയില്‍ മെട്രോ സ്റ്റേഷന്‍ നിര്‍മാണത്തിനിടെ വീടിന് സമീപം മണ്ണിടിഞ്ഞ് വീഴുന്നത് ആശങ്കയാകുന്നു. രണ്ട് മാസത്തിനിടെ രണ്ട് തവണയാണ് മണ്ണിടിഞ്ഞ് ആഴത്തിലുള്ള കുഴി രൂപപ്പെട്ടത്. ആഘാതത്തെ തുര്‍ന്ന് വിള്ളല്‍ വീണ വീടിന്റെ അറ്റകുറ്റപണി നടത്തിക്കൊടുക്കാമെന്ന് കെ.എം.ആര്‍.എല്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. 

തൃപ്പൂണിത്തുറ എസ്.എന്‍.ജംക്‌ഷനിലെ സിന്ധുവിന്റെ വീടാണിത്. ഈ വീട്ടില്‍ നിന്ന് കഷ്ടിച്ച് ഒരു മീറ്റര്‍ ദൂരത്തിലാണ് മെട്രോയുടെ വാട്ടര്‍ ടാങ്ക് നിര്‍മാണം. തുടക്കത്തില്‍ പ്രശ്നങ്ങളില്ലായിരുന്നെങ്കിലും മഴ കനത്തതൊടെ വീടിന് സമീപം വലിയ കുഴി രൂപപ്പെട്ടു. ആദ്യ തവണ കുഴിയടച്ചു. കഴിഞ്ഞ ദിവസം വീണ്ടും മണ്ണിടിഞ്ഞതോടെ വീട്ടുകാരുടെ ആശങ്ക വര്‍ധിച്ചു. 

വീടിന്റെ ചുമരുകളില്‍ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. അറ്റകുറ്റപണി നടത്തിക്കൊടുക്കാമെന്ന് മെട്രോ അധികൃതര്‍ ഉറപ്പുനല്‍കിയെങ്കിലും പുനര്‍നിര്‍മിക്കണമെന്നാണ് ആവശ്യം.  കലക്ടര്‍ക്കടക്കം പരാതി നല്‍കിയിട്ടുണ്ട്. രണ്ട് തവണ മണ്ണിടിഞ്ഞ് വീണിട്ടും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാല്‍ പ്രദേശവാസികളും ആശങ്കയിലാണ്.