കോവിഡിൽ കളിയില്ല, പകരം തടയണ നിർമിച്ച് കുട്ടികൾ

കോവിഡ് കാരണം വീട്ടിൽ അടച്ചുപൂട്ടി ഇരിക്കേണ്ടി വന്ന കുട്ടികൾ നാട്ടിൽ തടയണ നിർമിച്ചു. തൃശൂർ പീച്ചി കുന്നത്തങ്ങാടിയിലാണ് കുട്ടികൾ തടയണ നിർമിച്ചത്. 

  

കളിക്കാൻ പോകാൻ അനുവാദമില്ല. ഇനി, പുഴയിൽ നീന്തി കുളിക്കാനോ സമ്മതിക്കില്ല. ഉല്ലാസത്തോടെ കളിച്ചും ചിരിച്ചും രസിക്കാൻ വഴി തേടിയ കുട്ടികൾ അവസാനം അതു കണ്ടെത്തി. വീടിനടുത്തുള്ള സ്ഥലത്ത് തടയണ കെട്ടുക. വീടുകളോട് ചേർന്ന് വെറുതേ കിടക്കുന്ന സർക്കാർ പുറമ്പോക്കു ഭൂമിയിൽ ഇരുപത് കുട്ടികൾ ചേർന്ന് തടയണ കെട്ടി. മുപ്പത്തിയഞ്ചു മീറ്റർ തടയണ. വർഷത്തിൽ ഏഴുമാസവും നീരൊഴുക്കുള്ള പ്രദേശമാണിത്. പാറപ്പുറത്തു നിന്ന് ഒഴുകി പോകുന്ന വെള്ളം സംഭരിക്കാം. ഒരാഴ്ചയെടുത്തു നിർമാണം പൂർത്തിയാക്കാൻ.

മുന്നൂറിലേറെ ചാക്കുകളിൽ മണൽ നിറച്ച് മുതിർന്നവർ കുട്ടികളെ സഹായിച്ചിരുന്നു. ജൂൺ മുതൽ നവംബർ വരെ സമൃദ്ധിയായി വെള്ളം കിട്ടും. സ്ഥലത്തുണ്ടായിരുന്ന മട്ടിക്കല്ലുകളും കരിങ്കല്ലുകളും മാത്രമാണ് ഉപയോഗിച്ചത്.