ചോർന്നൊലിക്കുന്ന ലയങ്ങളിൽ ജീവിതം തള്ളിനീക്കി തൊഴിലാളികൾ

ചോർന്നൊലിക്കുന്ന ലയങ്ങളിൽ ജീവിതം തള്ളിനീക്കുകയാണ് ഇടുക്കി പീരുമേട്ടിെല  തോട്ടം തൊഴിലാളികൾ. പൂട്ടിപ്പോയ പീരുമേട് ടീ കമ്പനിയിലെ തൊഴിലാളികളെ സംരക്ഷിക്കാന്‍ യാതൊരു നടപടിയുമില്ല. നാട്ടുകാര്‍ അടച്ചുറപ്പുള്ള വീട് സ്വപ്നം കാണാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി.

  

ഇരുപത് വർഷം മുമ്പാണ് പീരുമേട് ടീ കമ്പിനി ഉടമ ഉപേക്ഷിച്ചു പോയത്. ഇതോടെ ഈ തോട്ടം തൊഴിലാളി  ലയങ്ങൾ നാഥനില്ലക്കളരിയായി മാറി. ചോർന്നൊലിക്കുന്ന ലയങ്ങളുടെ മുറികളിലും, അടുക്കളയിലും, കിടക്കയിലുമെല്ലാം  പാത്രങ്ങൾ പെറുക്കിവെച്ചാണ് മഴയിൽ നിന്ന് രക്ഷനേടുന്നത്.

മാനം കറുത്തു തുടങ്ങിയാൽ തൊഴിലാളികൾ പ്രായമായവരെയും കുട്ടികളെയും ചേർത്ത് പിടിച്ച് ഭയന്ന് വിറച്ചാണിവിടെ  കഴിയുന്നത്.

പെട്ടിമുടി  ദുരന്തം ഇവരുടെ ഉള്ളിൽ വലിയ ഭീതിയാണ് വിതച്ചത്. സർക്കാർ നൽകുന്ന സൗജന്യ റേഷനും  വാങ്ങിയാണ് തൊഴിലാളികൾ ജീവിതം തള്ളി നീക്കുന്നത്. ഇടിഞ്ഞു വീഴാറായ കൂരയാണ് ഇവരുടെ പ്രശ്നം. പരിഹാരം കാണാന്‍ ആര്‍ക്കും സമയമില്ല.