ആലുവ നഗരത്തിന്റെ വടക്കേ പ്രവേശന കവാടമായ മംഗലപുഴ ആര്‍ച്ച്് പാലത്തിന് പ്രായം 60

ആലുവ നഗരത്തിന്റെ വടക്കേ പ്രവേശന കവാടമായ മംഗലപുഴ ആര്‍ച്ച്് പാലത്തിന് പ്രായം അറുപത് തികഞ്ഞു. 1960 സെപ്തംബര്‍ 25നാണ്  നെഹ്റു മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായിരുന്ന ഡോ. പി സുബ്ബരായന്‍ മംഗലപ്പുഴ പാലം  ഉദ്ഘാടനം ചെയ്തത്.  പെരിയാറിന് മുകളില്‍ നിര്‍മിച്ച മൂന്നാമത്തെ ആര്‍ച്ച് പാലമാണ് മംഗലപ്പുഴയിലേത്. 

വയസ് അറുപത് പിന്നിടുമ്പോഴും മംഗലപ്പുഴ ആര്‍ച്ച് പാലത്തിന് പ്രൗഢി ഒട്ടും ചോര്‍ന്നിട്ടില്ല. 1956 ഫെബ്രുവരി അഞ്ചിന് അന്നത്തെ രാഷ്ട്രപതി ഡോ രാജേന്ദ്രപ്രസാദാണ് മംഗലപ്പുഴ ആര്‍ച്ച് പാലത്തിന് തറക്കല്ലിട്ടത്. നാലര വര്‍ഷം കൊണ്ട് പൂര്‍ത്തീകരിച്ച പാലം 1960 സെപ്തംബര്‍ 25ന് കേന്ദ്രമന്ത്രി ഡോ. പി സുബ്ബരായന്‍ ഉദ്ഘാടനം ചെയ്തു. നേര്യമംഗലം, മാര്‍ത്താണ്ഡ വര്‍മ പാലങ്ങള്‍ക്ക് പിറകേ പെരിയാറിന് കുറുകെ നിര്‍മിച്ച മൂന്നാമത്തെ ആര്‍ച്ച് പാലമായി മംഗലപ്പുഴ പാലം. മംഗലപ്പുഴ പാലം വരുന്നതിന് മുന്‍പ് ആലുവയില്‍ നിന്ന് അങ്കമാലി ഭാഗത്തേക്കും തിരിച്ചും വാഹനങ്ങള്‍ പെരിയാര്‍ കടത്തിയത് ചങ്ങാടങ്ങളായിരുന്നു. പെരിയാറിന്റെ വടക്കേ കൈവഴിയിലാണ് മംഗലപ്പുഴ പാലം, തെക്കേ കൈവഴിയിലുള്ളത് മാര്‍ത്താണ്ഡവര്‍മ പാലം. പ്രാചീന കേരളത്തിെല പ്രധാന വ്യാപാരകേന്ദ്രമായ കൊടുങ്ങല്ലൂര്‍ തുറമുഖത്തിന്റെ നദീമുഖമായിരുന്നു പണ്ടു മംഗലപ്പുഴ. ആലുവയുടെ ലാന്‍ഡ് മാര്‍ക്കായ മാര്‍ത്താണ്ഡവര്‍മ പാലം നിര്‍മിച്ച് 16 വര്‍ഷം കഴിഞ്ഞപ്പോഴാണ് അതേ ആകൃതിയില്‍ പെരിയാറിന് കുറുകെ മംഗലപ്പുഴ പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 20 വര്‍ഷം മുന്‍പ് േദശീയപാത നാലുവരിയായി വികസിപ്പിച്ചോള്‍ മംഗലപ്പുഴയിലും സമാന്തര പാലം വന്നെങ്കിലും നിര്‍മാണം ആര്‍ച്ച് ആകൃതിയില്‍ ആയില്ല. വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മാര്‍ത്താണ്ഡവര്‍മ പാലവും മംഗലപ്പുഴ പാലവും ആലുവയുടെ അടയാളപ്പെടുത്തലാകുന്നതും അതിന്റെ പാലങ്ങളുടെ രൂപത്തിലെ പ്രത്യേകതകൊണ്ട് കൂടിയാണ്.