തകഴിയില്‍ തകർന്ന റോഡ് 5 വര്‍ഷമായിട്ടും ഗതാഗത യോഗ്യമാക്കിയില്ല

ആലപ്പുഴ തകഴിയില്‍ തകർന്നുകിടക്കുന്ന റോഡ് അഞ്ചുവര്‍ഷമായിട്ടും ഗതാഗത യോഗ്യമാക്കിയില്ല. കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി പൊളിച്ച ആശുപത്രി റോഡാണ് മഴയില്‍ ചെളിക്കുളമായത്. നാലുവാര്‍ഡുകളിലെ ജനങ്ങളുടെ സഞ്ചാരപാതയോടാണ് ഈ അവഗണന

വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം 7 വർഷം മുൻപ് റോഡ് പുനർനിർമിച്ചിരുന്നു. രണ്ടുവര്‍ഷം കഴിഞ്ഞ് ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി പൊളിച്ചു. പൈപ്പിട്ടശേഷം റോഡ് ഗതാഗത യോഗ്യമാക്കാൻ കരാറുകാരൻ തയ്യാറായില്ല. ഇതിന് നിർദേശം നൽകാൻ അധികൃതരും. ദുരിതം മുഴുവന്‍ നാട്ടുകാര്‍ക്കും. റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം ആവശ്യപ്പെട്ട് സാംസ്കാരിക സംഘടനയായ ടാഗോർ കലാകേന്ദ്രം നിരവധി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. 

തകഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും തകഴി സ്കൂളിലേക്കുമുള്ള പ്രധാന റോഡാണിത്. കാല്‍നടയ്ക്ക് പോലും പറ്റാത്ത ഈ റോഡില്‍ വന്നുവന്ന് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണെന്ന് നാട്ടുകാര്‍ പരാതി പറയുന്നു