പാലാകാര്‍ക്ക് വിഷരഹിത മത്സ്യം ഉറപ്പാക്കി പടവന്‍; ആവശ്യക്കാർ ഏറെ

കോവിഡ് കാലത്ത് പാലാകാര്‍ക്ക് വിഷരഹിത മത്സ്യം ഉറപ്പാക്കുകയാണ് പാലാ നഗരസഭ വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍. വീടിനോട് ചേര്‍ന്നുള്ള ഒരേക്കറില്‍ 120 ചെറുകുളങ്ങളൊരുക്കിയാണ് പടവന്‍റെ മത്സ്യകൃഷി. ട്രോളിങ് നിരോധനമായതുകൊണ്ടുതന്നെ മീനിനായി ആവശ്യക്കാരും ഏറെയാണ്.  

റബര്‍ നഷ്ടത്തിലായതോടെയാണ് കുര്യാക്കോസ് പടവന്‍ മത്സ്യകൃഷിയിലേക്ക് തിരിഞ്ഞത്. ഒരുവര്‍ഷം മുന്‍പ് റബറെല്ലാം വെട്ടിമാറ്റി പറമ്പില്‍ മുഴുവന്‍ പടുതാക്കുളം കെട്ടി. വിജയവാഡയിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് മല്‍സ്യ കുഞ്ഞുങ്ങളെ എത്തിച്ച് കുളത്തിലിട്ടു. രണ്ട് മീറ്റര്‍ വ്യാസത്തില്‍ 120കുളങ്ങളാണ് നിര്‍മിച്ചത്. ഓരോ കുളത്തിലും 1000 മിനുകള്‍ വീതം. ഗിഫ്റ്റ് തിലോപ്പിയ ആണ് ഇനം. ആറ് മാസം പിന്നിട്ടപ്പോളാണ് വില്‍പന ആരംഭിച്ചത്. 

അംഗീകൃത കമ്പനികളുടെ പ്രോട്ടീന്‍ തീറ്റ മാത്രമാണ് മല്‍സ്യത്തിന് ഭക്ഷണമായി നല്‍കുന്നത്. മല്‍സ്യം നേരില്‍ കണ്ട് വാങ്ങുവാനുള്ള സൗകര്യവും ഇവിടെയുണ്ട്. വില്‍ക്കാനുള്ള മത്സ്യത്തെ പ്രത്യേക കുളത്തിലേക്ക് മാറ്റും.  400 മുതല്‍ 500 ഗ്ര0 വരെയാണ് ഓരോ മീനിന്‍റെയും തൂക്കം. പൊതുജന സേവനം മാത്രമല്ല കൃഷിയും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് കുര്യാക്കോസ് പടവന്‍.