തോപ്പുംപടിയിൽ കടലാന ചത്തടിഞ്ഞു

കൊച്ചി തോപ്പുംപടിക്കടുത്ത് മാനാശേരിയില്‍ കടലാന ചത്തടിഞ്ഞു. ദുർഗന്ധം രൂക്ഷമായതോടെ നാട്ടുകാര്‍ ദുരിതത്തിലാണ് . അഴുകിത്തുടങ്ങിയതിനാൽ ജ‍‍ഡം കരയിലെത്തിച്ച് സംസ്കരിക്കുക പ്രായോഗികമല്ലെന്നും നാട്ടുകാർ പറയുന്നു. 

ആനത്തിമിംഗലം എന്നുകൂടി പേരുള്ള കടലാനയുടെ ജഡം കണ്ടത് കഴിഞ്ഞ ദിവസമാണ്. പക്ഷെ മൂന്ന് ആഴ്ചയെങ്കിലും ജഡത്തിന് പഴക്കമുണ്ടാകുമെന്ന് മൽസ്യത്തൊഴിലാളികൾ പറയുന്നു. ദുർഗന്ധംകാരണം നാട്ടുകാര്‍ക്ക് ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥ. മാനാശേരി സൊസൈറ്റിക്കു സമീപത്തുനിന്ന് ഫോർട്ട്കൊച്ചിയിലേയ്ക്കാണ് ജ‍ഡം ഒഴുകുന്നത്. സ്ഥലത്ത് പൊലീസ് എത്തിയെങ്കിലും തുടർനടപടികളടുക്കാന്‍ കഴി‍ഞ്ഞിട്ടില്ല. 

കടൽ അടിത്തട്ട് ഇളകിമറിയുന്ന സമയമായതിനാൽ ജഡം തീരത്ത് അടിഞ്ഞതാകാമെന്നാണ് കരുതുന്നത്. കഴിഞ്ഞ വർഷം ജൂലൈയിലും ആർത്തുങ്കൽ ആയിരംതൈ കടപ്പുറത്ത് പുലിമുട്ടിനു സമീപം സമാനമായ നിലയിൽ കടലാനയുടെ ജഡം അടിഞ്ഞിരുന്നു. അഞ്ച് ടണ്ണിൽ കൂടുതൽ ഭാരമുണ്ടായിരുന്ന ഇത് വെട്ടി മുറിച്ച് കഷണങ്ങളാക്കി സംസ്കരിക്കുകയായിരുന്നു.