വകുപ്പ് തർക്കം; ലൈഫ് മിഷൻ പദ്ധതി ബത്തേരി നഗരസഭയ്ക്ക് നഷ്ടമായി

41 കുടുംബങ്ങള്‍ക്ക് ഉപകാരമാകുമായിരുന്ന ലൈഫ് മിഷന്‍ ഫ്ലാറ്റ് പദ്ധതി വയനാട് ബത്തേരി നഗരസഭയ്ക്ക് നഷ്ടമായി. ഭൂമി സംബന്ധിച്ച് റവന്യൂ-വനം വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കമാണ് കാരണം. അഞ്ചു കോടിരൂപയുടെ പദ്ധതിയുടെ തടസവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ആരോപണങ്ങളും സജീവമാണ്.

ബത്തേരി ചെതലയത്ത് 5 നിലകളിലായി ഫ്ലാറ്റ് നിർമിക്കാനായിരുന്നു പദ്ധതി. 2017 ജൂലൈ 13ന് നഗരസഭ  50 സെന്റ് ലൈഫ് മിഷനു കൈമാറി. വീടും സ്ഥലവുമില്ലാത്തവരിൽനിന്ന് അപേക്ഷ സ്വീകരിച്ച് 115 ഗുണഭോക്താക്കളെ തിരഞ്ഞെടുത്തു. ആദ്യഘട്ടമായി 41 കുടുംബങ്ങൾക്കാണ് ഫ്ലാറ്റ് അനുവദിച്ചത്. എന്നാല്‍ വനഭൂമിയാണെന്ന് കാണിച്ച് ഹൈക്കോടതിയില്‍ പ്രതിപക്ഷ കൗണ്‍സിലറുടെ പൊതുതാൽപര്യ ഹർജി വന്നതോടെയാണ് തടസങ്ങള്‍ തുടങ്ങി. ഭൂമി തങ്ങളുടേതാണെന്ന് വനം വകുപ്പും റവന്യൂ വകുപ്പും അവകാശപ്പെടുന്നു. കേസുകളില്ലെന്ന രേഖ കിട്ടിയെങ്കിൽ മാത്രമേ ഫ്ലാറ്റ് നിർമാണം സാധ്യമാകൂവെന്നാണ് ലൈഫ് മിഷന്റെ നിലപാട് .കേസുകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് നഗരസഭയുടെ വാദം.

ഭൂമി തര്‍ക്കം തീരാത്തതിനാല്‍ ബത്തേരിക്ക് ലഭിക്കേണ്ട അ‍ഞ്ചു കോടി രൂപയുടെ പദ്ധതി പൂതാടി പഞ്ചായത്തിന് അനുവദിച്ചെന്ന് നഗരസഭ ചെയര്‍മാന്‍ പറയുന്നു. ചെതലയത്തെ ഫ്ലാറ്റ് പദ്ധതിക്കായി അപേക്ഷ നല്‍കിയവര്‍ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ കഴിയുകയാണ്. ഫ്ലാറ്റ് നിര്‍മ്മാണത്തിനായി മറ്റെവിടെയെങ്കിലും നഗരസഭയ്ക്ക് ഭൂമി കണ്ടെത്തിക്കൂടെ എന്ന ചോദ്യവും ഉയരുന്നു.