പ്രകൃതി കനിയുമെന്ന പ്രതീക്ഷയോടെ കർഷകർ; വിരിപ്പിനൊരുങ്ങി പാടശേഖരം

കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിനിടെ വിരിപ്പ് കൃഷിക്ക് ഒരുങ്ങി കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളിലെ നെല്‍കര്‍ഷകര്‍. കഴിഞ്ഞ രണ്ടു വര്‍ഷവും വിരിപ്പ് കൃഷിയില്‍ രണ്ടാം തവണയും വിത നടത്തേണ്ടി വന്നതിനാല്‍ കര്‍ഷകര്‍ കടക്കെണിയിലായി.  ഇത്തവണയെങ്കിലും പ്രകൃതിയും കാലാവസ്ഥയും അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളില്‍ വിരിപ്പ് കൃഷിയാണ് കര്‍ഷകരുടെ പ്രധാന വരുമാനമാര്‍ഗം. കഴിഞ്ഞ രണ്ടു വര്‍ഷവും വിരിപ്പ് കൃഷിക്കായി ആദ്യം വിതച്ച വിത്ത് അത്രയും വെള്ളപ്പൊക്കത്തില്‍ നഷ്ടമായി. പോക്കറ്റില്‍ നിന്ന് പണമിറക്കി വീണ്ടും വിത്തിറക്കി അധ്വാനിച്ചെങ്കിലും വിളവ് കുറഞ്ഞു. 2018ല്‍ പ്രളയത്തില്‍ കൃഷി നഷ്ടമായവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയെങ്കിലും കഴിഞ്ഞ വര്‍ഷം അതും ലഭിച്ചില്ല. ഇത്തവണയും പ്രളയം പ്രവചിച്ചിരിക്കുകയാണ് എങ്കിലും നിലമൊരുക്കി വിതയ്ക്കാനുള്ള തയ്യാറടുപ്പിലാണ് കര്‍ഷകര്‍.

കഴിഞ്ഞ രണ്ട് വര്‍ഷമായി പമ്പിങ് സബ്‌സിഡി ലഭിക്കാത്തതും കര്‍ഷകര്‍ക്ക് ഇരുട്ടടിയായി. സാധാരണ ജൂണ്‍ മാസത്തില്‍ മഴയെത്തുടര്‍ന്ന് പാടത്ത് വെള്ളം കയറാറുണ്ട് ഇത് പാടത്തെ പുളിപ്പ് മാറുന്നതിന് സഹായകരമാണ്. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. ഇതുമൂലം പുളിപ്പ് ഒഴിവാക്കാന്‍ കുമ്മായം ഇടേണ്ടി വന്നതും അധികച്ചിലവിന് കാരണമായി. രണ്ടുംകല്‍പിച്ച് അടുത്തവാരം വിത നടത്താനൊരുങ്ങിയിരിക്കുകയാണ് കര്‍ഷകര്‍.