ബസുകളിലെ സാമൂഹിക അകലം; കൊച്ചിയിൽ പൊലിസ് പരിശോധന

സര്‍വിസ് തുടങ്ങിയ ബസുകളില്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്നറിയാന്‍ കൊച്ചിയില്‍ പൊലീസ് പരിശോധന. നിര്‍ദേശങ്ങള്‍ ലംഘിച്ച് കൂടുതല്‍ ആളുകളെ കയറ്റിയ രണ്ട് സ്വകാര്യ ബസുകള്‍ കസ്റ്റഡിയിലെടുത്തു. 

ദീര്‍ഘകാലത്തിനുശേഷം പുനരാംരംഭിച്ച ബസ് സര്‍വീസിന് കര്‍ശനമായ കോവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങളും സര്‍ക്കാര്‍ നല്‍കിയിരുന്നു. സാമൂഹിക അകലം പാലിച്ചുമാത്രം യാത്രക്കാരെ കയറ്റാനാണ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ കൊച്ചിയില്‍ നിരത്തിലിറങ്ങിയ ചില ബസുകള്‍ നിയന്ത്രണങ്ങളെല്ലാം തെറ്റിച്ചു. സീറ്റ് നിറച്ചും, നിര്‍ത്തിയും യാത്രക്കാരുമായെത്തിയ രണ്ട് സ്വകാര്യ ബസുകളാണ് പൊലീസ് പരിശോധനയില്‍ കുടുങ്ങിയത്. എറണാകുളത്തുനിന്ന് പൂത്തോട്ടയ്്ക്ക് സര്‍വീസ് നടത്തുന്ന ബസ് വളഞ്ഞമ്പലത്തുനിന്നും, ഫോര്‍ട്ടുകൊച്ചിയില്‍നിന്ന് ആലുവയ്ക്ക് സര്‍വീസ് നടത്തുന്ന ബസ് തേവരയില്‍നിന്നുമാണ് പൊലീസ് പിടികൂടിയത്. ഉടമയ്ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ ഓര്‍ഡിനന്‍സ് പ്രകാരം കേസെടുത്തു. ഹൈക്കോടതി നിര്‍ദേശമുള്ളതിനാല്‍ അയ്യായിരം രൂപ പിഴ ഈടാക്കിയശേഷം ബസുകള്‍ വിട്ടുനല്‍കി. കെ.എസ്.ആര്‍.ടി.സി ബസുകള്‍ സാമൂഹിക അകലം പാലിച്ചാണ് സര്‍വീസ് നടത്തുന്നത്. അധികമായി കയറുന്ന ആളുകളെ അപ്പോള്‍തന്നെ കാര്യംപറഞ്ഞ് ഇറക്കിവിടുന്നുണ്ട്.