ചമ്പക്കര കനാൽ റോഡിന്റെ നിർമാണം വൈകുന്നു; നാട്ടുകാർ ഭീതിയിൽ

കൊച്ചി മെട്രോയുടെ പാലത്തിനായി തടയണ നിര്‍മിച്ച് വെള്ളം തിരിച്ചുവിട്ടതോടെ തകര്‍ന്ന ചമ്പക്കര‌ കനാല്‍റോഡിന്റെയും സംരക്ഷണഭിത്തിയുടെയും നിര്‍മാണം വൈകുന്നു. കനത്ത മഴയുണ്ടായാല്‍ ഏതുനിമിഷവും  റോഡിനൊപ്പം സമീപത്തെ വീടുകളടക്കം കായലിലേക്ക് ഇടിഞ്ഞുപോകാമെന്ന അവസ്ഥയായതോടെ നാട്ടുകാര്‍ ഭീതിയിലാണ്.

മെട്രോയുടെ പാലം നിര്‍മാണത്തിനായി തടയണയൊരുക്കി വെള്ളം തിരിച്ചുവിടുന്നതിനിടെ കഴിഞ്ഞ പ്രളയകാലത്താണ് സംരക്ഷണഭിത്തിയും റോഡും തകര്‍ന്നത്. ഇരുന്നൂറ്റിയമ്പത് മീറ്റര്‍ സംരക്ഷണഭിത്തി ഇടിഞ്ഞ് കാലമേറെയായിട്ടും അത് നന്നാക്കാന്‍ മാത്രം നടപടിയുണ്ടായില്ല. ഇതിനിടെ മെട്രോ റയില്‍പാലം പൂര്‍ത്തീകരിച്ച് ട്രയല്‍ റണ്ണും കഴിഞ്ഞു.  പഴയ ചമ്പക്കരപാലം പൊളിച്ച് പുതിയത് പണിഞ്ഞ് തുടങ്ങിയിട്ടും പക്ഷെ തൊട്ടരികത്തെ കനാല്‍ റോഡിന്റെ സംരക്ഷണഭിത്തി പൊളി‍ഞ്ഞുതന്നെ കിടന്നു. വലിയ ഗര്‍ത്തമായി മാറിയ കനാല്‍റോഡ് പുനര്‍നിര്‍മിച്ച കെ.എം.ആര്‍.എല്‍ പക്ഷെ സംരക്ഷണഭിത്തിയുടെ സ്ഥാനത്ത് ഷീറ്റ് പൈല്‍ മാത്രം സ്ഥാപിച്ചു. അമ്പലമേട്ടിലേക്ക് രാസവസ്തുക്കളുമായി പോകുന്ന ബാര്‍ജ് ഈ ഷീറ്റില്‍തട്ടിയുള്ള അപകടവും പതിവാണ്. ഇതിനിടയില്‍ സംരക്ഷണ ഭിത്തിക്ക് പകരം സ്ഥാപിച്ച ഷീറ്റ് പൈല്‍ ഇളക്കിമാറ്റാന്‍  മെട്രോ കരാറുകാര്‍ ശ്രമിച്ചത് നാട്ടുകാര്‍ തടയുകയും ചെയ്തു. 

സംരക്ഷണഭിത്തിയില്ലാത്ത റോഡ‍ില്‍ നിറയെ വിള്ളലാണ്. കനത്ത മഴയെത്തിയാല്‍ റോഡും സമീപത്തെ വീടുകളുമടക്കം വലിയ അപകടത്തിലേക്കാകും നീങ്ങുക.