കടുവയെ പിടിക്കാനായില്ല; കുങ്കിയാനയെ തിരികെ കൊണ്ടുപോയി

വടശേരിക്കര, തണ്ണിത്തോട് മേഖലകളില്‍ ഇറങ്ങിയ കടുവയെ പിടിക്കുന്നതിനുവേണ്ടി എത്തിച്ച കുങ്കിയാനയെ തിരികെ കൊണ്ടുപോയി. കുങ്കിയാനയുടെ മുകളിലിരുന്ന് കടുവയെ മയക്കുവെടി വയ്ക്കാനാണ് ആനയെ കൊണ്ടുവന്നത്. വിദഗ്ഘസംഘത്തിന്റെ നേതൃത്വത്തില്‍ വനംവകുപ്പുദ്യോഗസ്ഥര്‍ കടുവയെ പിടിയ്ക്കാന്‍ തിരച്ചില്‍ തുടരുകയാണ്.

തണ്ണിത്തോട്ടില്‍ ടാപ്പിങ് തൊഴിലാളിയെ കടിച്ചുകൊന്ന കടുവയെ തുടര്‍ന്നുള്ള ദിവസങ്ങളിലും സമീപപ്രദേശങ്ങളില്‍ കണ്ട സാഹചര്യത്തിലായിരുന്നു വയനാട്ടില്‍ നിന്നുള്ള വിദഗ്ധസംഘത്തിനൊപ്പം കുങ്കിയാനയെയും  കൊണ്ടുവന്നത്. എന്നാല്‍ കുങ്കിയാനയുടെ ആവശ്യം നിലവില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ആനയെ മുത്തങ്ങയിലെയ്ക്ക് ഇന്നലെ ഉച്ചയോടെ  തിരികെ കൊണ്ടുപോയി. 

വിദഗ്ധസംഘം വടശേരിക്കരയില്‍ തുടരുന്നുണ്ട്. കഴിഞ്ഞ ഏതാനുംദിവസങ്ങളായി കടുവ ജനവാസമേഖലയില്‍ ഇറങ്ങിയിട്ടില്ല. കടുവ ഉള്‍ക്കാട്ടിലേയ്ക്ക് പോയിരിക്കാം എന്ന നിഗമനത്തിലാണ് വനംവകുപ്പുദ്യോഗസ്ഥര്‍. കടുവയെ പിടിക്കാന്‍ ഒരുക്കിയ കെണി നീക്കിയിട്ടില്ല. വിദഗ്ഘസംഘത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.