കല്ലാർപുഴ വറ്റിവരണ്ടു; കുടിവെള്ളം മുട്ടി; വലഞ്ഞ് ജനം

ഇടുക്കി കല്ലാർപുഴ വറ്റിവരണ്ടതോടെ കുടിവെള്ളംമുട്ടി നാട്ടുകാര്‍.  അശാസ്ത്രീയ നിർമാണങ്ങളും മാലിന്യ നിക്ഷേപവും പുഴയില്ലാതാകാന്‍ കാരണമായെന്ന് വിലയിരുത്തൽ. നെടുങ്കണ്ടത്ത് ശുദ്ധജല വിതരണം മുടങ്ങിയിട്ട് രണ്ട് മാസം. 

കൊടുംവേനലിൽ പോലും നിറഞ്ഞ് ഒഴുകിയിരുന്ന കല്ലാർപുഴ അപൂര്‍വമായാണ് അതിന്റെ ഉത്ഭവത്തിൽ തന്നെ വറ്റിവരളുന്നത്. ഇതോടെ ജലക്ഷാമം നേരിടുന്നത് നെടുങ്കണ്ടം, പാമ്പാടുംപാറ, വണ്ടൻമേട്‌, കരുണാപുരം  പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കുടുംബങ്ങളാണ്. പൂർണ്ണമായും കാർഷിക മേഖലയിലൂടെ കടന്നു പോകുന്ന പുഴ കല്ലാർ ഡൈവേർഷൻ ഡാമിൽ ജലം സംഭരിച്ച് മന്നാക്കുടി തുരങ്കത്തിലൂടെ ഇടുക്കി ഡാമിലേക്കാണ് എത്തുന്നത്. പുഴയിൽ വെള്ളമില്ലാതായതോടെ  വിവിധ കൃഷികളും നാശത്തിന്റെ വക്കിലായി. 

പുഴയെ മാത്രം ആശ്രയിച്ച് കുടിവെള്ള വിതരണം നടത്തിയിരുന്ന നെടുങ്കണ്ടം ഗ്രാമ പഞ്ചായത്തിൽ ജലവിതരണം മുടങ്ങിയിട്ട് രണ്ട് മാസത്തിലേറെയായി.  പുഴയും കൈവഴികളും വറ്റിയതോടെ വെള്ളം അമിത വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണ് നാട്ടുകാർ. പുഴയുടെ വിവിധ ഭാഗങ്ങളിൽ മുപ്പത് തടയണകളും നൂറുകണക്കിന് കുഴൽ കിണറുകളുമാണുള്ളത്. ഇതിനു പുറമെ  അമിതമായ മാലിന്യ നിക്ഷേപവും ഒഴുക്കിനെ തടസ്സപ്പെടുത്തി. നല്ല മഴ ലഭിച്ച് പുഴയൊഴുകിയില്ലെങ്കില്‍  ജലക്ഷാമം അതിരൂക്ഷമാകും.