മുരിങ്ങൂരിലെ നിരീക്ഷണകേന്ദ്രത്തില്‍ അസൗകര്യങ്ങളെന്ന് ആക്ഷേപം; പരാതിയുമായി പ്രവാസികൾ

ചാലക്കുടി മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രം ഹോസ്റ്റലില്‍ ഒരുക്കിയ നിരീക്ഷണകേന്ദ്രത്തില്‍ അസൗകര്യങ്ങളെന്ന് ആക്ഷേപം. ജില്ലാഭരണകൂടത്തിന്റെ പിടിപ്പുകേടാണ് ഇതിനു കാരണമെന്ന് ടി.എന്‍.പ്രതാപന്‍ എം.പി. കുറ്റപ്പെടുത്തി. 

വിദേശത്തു നിന്ന് വന്നവരെ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്‍റെ ഹോസ്റ്റലില്‍ താമസിപ്പിച്ചിരുന്നു. താലൂക്ക് അടിസ്ഥാനത്തില്‍ പ്രവാസികളെ പാര്‍പ്പിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. മാത്രവുമല്ല, സാനിറ്റൈസര്‍ മാസ്ക്ക് ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും നിരീക്ഷണ കേന്ദ്രത്തില്‍ ഏര്‍പ്പെടുത്തണമെന്നായിരുന്നു ചട്ടം. പക്ഷേ, മുരിങ്ങൂരിലെ കേന്ദ്രത്തില്‍ ബെഡ് ഷീറ്റോ തലയണ കവറോ ഒന്നും ഇല്ലെന്ന് പ്രവാസികള്‍ പറയുന്നു. കുളിക്കാനുള്ള സോപ്പു പോലും മുറിയില്‍ ഇല്ല. നിരീക്ഷണത്തില്‍ കഴിയേണ്ടവരായതിനാല്‍ ഈ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തുപോകാനും കഴിയില്ല. കലക്ടറെ ഉള്‍പ്പെടെ വിളിച്ച് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്ന് പ്രവാസികള്‍ പരാതിപ്പെട്ടു.

നിരീക്ഷണകേന്ദ്രത്തില്‍ നിയമപ്രകാരമുള്ള സൗകര്യങ്ങള്‍ പോലും ഒരുക്കാന്‍ ജില്ലാഭരണകൂടത്തിന് കഴിഞ്ഞില്ലെന്ന് ടി.എന്‍.പ്രതാപന്‍ എം.പി. കുറ്റപ്പെടുത്തി. പ്രവാസികളെ പാര്‍പ്പിക്കുന്ന ഇടങ്ങളില്‍ പലയിടത്തും അസൗകര്യങ്ങളുണ്ട്. ഇതുമായി പൊരുത്തപ്പെടാന്‍ പ്രവാസികള്‍ തയാറാകണമെന്നാണ് അധികൃതര്‍ പറയുന്നത്.