മഴ പെയ്താൽ വീടിനുള്ളിൽ വെള്ളം കയറും; കാലവർഷപ്പേടിയിൽ 46 കുടുംബങ്ങൾ

കാലവര്‍ഷം പേടിസ്വപ്നമായി തൃപ്പൂണിത്തുറ ഏരൂരിലെ നാല്‍പത്തിയാറ് കുടുംബങ്ങള്‍. നഗരസഭ നിര്‍മിച്ചുനല്‍കിയ വീടുകളില്‍ എല്ലാവര്‍ഷവും വെള്ളംകയറിയിട്ടും നടപടിയില്ല. വര്‍ഷങ്ങളായി മഴക്കാല പൂര്‍വശുചീകരണം നടത്തിയിട്ടുമില്ല. 

കഴിഞ്ഞ മഴക്കാലത്ത് ഏരൂര്‍ പാമ്പാടിത്താഴം കോളനിയില്‍നിന്നുള്ള ദൃശ്യമാണിത്.  കുറേ വര്‍ഷങ്ങളായി ഇതാണ് സ്ഥിതി. ഇനി ഈ കോളനിയോടു ചേര്‍ന്നുള്ള തോടിന്റെ അവസ്ഥ കാണുക. കാടുമൂടി ഒഴുക്കുപോലുമില്ല. റോഡിന് കീഴിലെ പൈപ്പ് അടഞ്ഞതിനാല്‍ ഇരുവശത്തേക്കും വെള്ളം കടക്കില്ല. സമീപത്തെ പുഴയിലേക്ക് വെള്ളമെത്തിയിരുന്ന ചാലുമുഴുവന്‍ ചെളിയും കാടും നിറഞ്ഞു കിടക്കുകയാണ്. മഴക്കാല പൂര്‍വശുചീകരണത്തിനായി തൃപ്പൂണിത്തുറ നഗരസഭയെ സമീപിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല. 

നഗരസഭ സ്ഥലം കണ്ടെത്തി നിര്‍മിച്ചുനല്‍കിയ വീടുകളാണ് പാമ്പാടിത്താഴം കോളനിയിലുള്ളത്. നാല്‍പത്തിയാറ് വീടുകള്‍ക്കുപുറമേ അഗതി മന്ദിരവും അംഗന്‍വാടിയുമുണ്ടെങ്കിലും പരിഹാരം മാത്രം അകലെയാണ്.