അറ്റകുറ്റപ്പണി നടത്താനാകാതെ വീട് തകർന്നു

എറണാകുളം വടക്കന്‍പറവൂരില്‍ പാലത്തിന്റെ അപ്രോച്ച് റോഡിനായി ഏറ്റെടുത്ത ഭൂമിയിലെ വീട് അറ്റകുറ്റപ്പണി നടത്താനാകാതെ തകര്‍ന്നുവീണു. ശബ്ദംകേട്ട് വീട്ടുകാര്‍ ഓടിമാറിയതിനാല്‍ തലനാരിഴയ്ക്ക് വന്‍ അപകടം ഒഴിവായി. ചാത്തനാട് , കടമക്കുടി പാലത്തിന്റെ അപ്രോച്ച് റോഡ് അഞ്ചുവര്‍ഷമായി പണിയാതെ കിടക്കുകയാണ്.

ഏഴിക്കര പഞ്ചായത്തിലെ ചാത്തനാട് – കടമക്കുടി പാലത്തിന്റെ സമീപത്തുള്ള കോട്ടപ്പറമ്പില്‍ പങ്കജാക്ഷന്റെ വീടാണ് ഇന്നലെ തകര്‍ന്നുവീണത്. മഴയും കാറ്റുമൊന്നുമില്ലാതെതന്നെ വീട് തകര്‍ന്നു വീഴുകയായിരുന്നു. പങ്കജാക്ഷന്റെ ഒന്നരവയസുള്ള പേരക്കുട്ടി ഈ സമയം വീടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. വീട് തകരുന്ന ശബ്ദം കേട്ട് കുട്ടിയെ എടുത്തുകൊണ്ട് പുറത്തേക്ക് ഓടിയതിനാല്‍ വന്‍അപകടം ഒഴിവായി. പങ്കജാക്ഷന്റെ ഉള്‍പ്പടെ ഒന്‍പതുപേരുടെ സ്ഥലം എട്ടുവര്‍ഷം മുന്‍പ് അപ്രോച്ച് റോഡിനായി ഏറ്റെടുത്തിരുന്നു. നഷ്ടപരിഹാരം അടക്കം തുടര്‍നടപടികള്‍ ഉണ്ടായില്ല. ഇതോടെ മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വീടിന്റെ അറ്റകുറ്റപ്പണിക്ക് വായ്പപോലും ലഭിക്കാത്ത സ്ഥിതിയായി.

സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് പഞ്ചായത്തില്‍തന്നെ നാലുസെന്റ് സ്ഥലവും വീടുണ്ടാക്കാന്‍ പണവും നല്‍കുമെന്നായിരുന്നു വാഗ്ദാനം. പറവൂരില്‍നിന്ന് ഹൈക്കോടതിയുടെ ഭാഗത്തേക്ക് പതിനഞ്ചുമിനിറ്റുകൊണ്ട് എത്താന്‍ കഴിയുന്നവിധം ജിഡയുടെ മേല്‍നോട്ടത്തില്‍ നിര്‍മിച്ച മൂന്നുപാലങ്ങളിലൊന്നാണ് ചാത്തനാട്– കടമക്കുടി. ഇതില്‍ പിഴല പാലത്തിന്റെയും അപ്രോച്ച് റോഡ് നിര്‍മിച്ചിട്ടില്ല.