ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം; കാർഷിക വിപണനകേന്ദ്രം തുറന്ന് കൊടുക്കാതെ പഞ്ചായത്ത്

ഒരുവര്‍ഷം മുന്‍പ് ഉദ്ഘാടനം ചെയ്ത കാര്‍ഷിക വിപണനകേന്ദ്രം വ്യാപാരികള്‍ക്ക് തുറന്നുകൊടുക്കാതെ കോട്ടയം പാമ്പാടി പഞ്ചായത്തിന്‍റെ അവഗണന തുടരുന്നു. കെട്ടിടത്തിലെ മുറികള്‍ ലേലം ചെയ്യാത്തതു മൂലം വ്യാപാരികള്‍ക്കും പഞ്ചായത്തിനും വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. കെട്ടിട ലേലം പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ അട്ടിമറിക്കുന്നതിന് പിന്നില്‍ അഴിമതിയാണെന്നും ആക്ഷേപമുണ്ട്. നബാഡിന്റെ ഫണ്ട് ഉപയോഗിച്ച് ജില്ലാ പഞ്ചായത്താണ് മൂന്ന് വര്‍ഷം മുന്‍പ് കെട്ടിടം നിര്‍മിച്ചത്. അറുപത് കടമുറികളുള്ള കെട്ടിടത്തിന്‍റെ നിര്‍മാണത്തിന് രണ്ട്കോടി രൂപ ചെലവായി. ഇതേസ്ഥലത്ത് വര്‍ഷങ്ങളായി വിപണനം നടത്തിയിരുന്ന വ്യാപാരികളെ ഒഴിപ്പിച്ച ശേഷമായിരുന്നു കെട്ടിട നിര്‍മാണം. പുതിയ 

കെട്ടിടത്തില്‍ ഇവർക്ക് മുറി നൽകാമെന്ന് ഉറപ്പും നല്‍കിയിരുന്നു. നിര്‍മാണം പൂര്‍ത്തിയായി ഒന്നരവര്‍ഷം കഴിഞ്ഞിട്ടാണ് കെട്ടിടത്തിന്‍റെ ഉദ്ഘാടനം നടന്നത്.  

ഒരുവര്‍ഷം കഴിഞ്ഞിട്ടും ഒരു മുറിപോലും വ്യാപാരികള്‍ക്ക് നല്‍കിയില്ല. വൈദ്യുതിയില്ല മുറികള്‍ക്ക് നമ്പറിട്ടില്ല തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞാണ് ലേലം വൈകിപ്പിക്കുന്നത്.

തകർന്ന ഒറ്റമുറിയിൽ പ്രവർത്തിക്കുന്ന ബ്ലോക്ക് കൃഷി ഓഫീസും പാമ്പാടി കൃഷി ഭവനും പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു.  പഞ്ചായത്തിന്റെ അനാസ്ഥ മൂലം കൃഷി ഓഫിസും തകര്‍ന്നുവീഴാറായ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കടമുറികളുടെ വാടക നിശ്ചയിക്കുന്നതിലെ 

നടപടികള്‍ പൂര്‍ത്തിയാകാത്തതാണ് ലേലം വൈകാന്‍ കാരണമെന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് ഫിലിപ്പോസ് തോമസിന്‍റെ വിശദീകരണം. മാര്‍ച്ച് ആദ്യവാരത്തോടെ ലേലം നടത്തി മുറികള്‍ വ്യാപാരികള്‍ക്ക് കൈമാറുമെന്നും പ്രസിഡന്‍റ് ഉറപ്പ് നല്‍കുന്നു. സമാനമായ ഉറപ്പുകള്‍ നേരത്തെയും പലതവണ 

ലഭിച്ചിട്ടുള്ളതിനാല്‍ വ്യാപാരികള്‍ക്ക് വലിയ പ്രതീക്ഷയൊന്നുമില്ല.