പാലക്കാട് നാൽപത് കിലോ ഊദ് പിടികൂടി; അസം സ്വദേശികൾ കസ്റ്റഡിയിൽ

സുഗന്ധലേപന നിര്‍മാണത്തിന് ഉപയോഗിക്കുന്ന നാല്‍പതു കിലോ ഉൗദ് പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫിന്റെ കുറ്റാന്വേഷണവിഭാഗം പിടികൂടി. നികുതിവെട്ടിപ്പ് നടത്തിയ അസംകാരായ നാലുപേരെ കസ്റ്റ‍ഡിയിലെടുത്തു. 

കാഴ്ചയില്‍ മരക്കഷ്ണമാണെങ്കിലും പൊന്നിനേക്കാള്‍ വിലയുളളതാണിത്. സുഗന്ധലേപനമാക്കിമാറ്റാനും പുകയ്ക്കാനും ഇതുമതിയാകും. ഗുവാഹത്തി തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനില്‍ എസി കോച്ചിലാണ് നാല്‍പതുകിലോ ഉൗദ് കൊണ്ടുവന്നത്. അസമില്‍ നിന്ന് തൃശൂരിലേക്ക് നികുതിവെട്ടിച്ച് കടത്തുകയായിരുന്നു. അസംകാരായ റൂഹുല്‍ ഇസ്്ലാം, മുഹമ്മദ് അമീര്‍, മുഹമ്മദ് സെയ്ഫുല്‍ ഇസ്്ലാം, അസര്‍ അഹമ്മദ് എന്നിവരെ റെയില്‍വേ സംരക്ഷണസേനയുടെ കുറ്റാന്വേഷണ വിഭാഗം കസ്റ്റഡിയിലെടുത്തു. വിപണിയിൽ കിലോക്ക് അഞ്ചു ലക്ഷം രൂപ വരെ ഉൗദിന് വിലയുണ്ട്. 

ഉൗദിന് കിലോയ്ക്ക് പതിനെട്ടു ശതമാനമാണ് നികുതി. നികുതിവെട്ടിപ്പ് കണ്ടെത്തിയാല്‍ കിലോയ്ക്ക് പിഴയടക്കം 36 ശതമാനം അടയ്ക്കണം. ബയോളജിക്കൽ ഡൈവേഴ്സിറ്റി ആക്ട് 2002 പ്രകാരം അനുമതി രേഖകളില്ലാതെ ഊദ് കടത്താൻ പാടില്ല. പിടിച്ചെടുത്ത ഊദ് തുടർ നടപടികൾക്കായി സംസ്ഥാന ജിഎസ്ടി വകുപ്പിന് കൈമാറി.