പ്രകൃതിസംരക്ഷണം സന്തുലിതമായി കൈകാര്യം ചെയ്യണം: ജ.ദേവന്‍ രാമചന്ദ്രന്‍

നിയമങ്ങളെല്ലാം മനുഷ്യകേന്ദ്രീകൃതമായതാണ് പ്രകൃതിയുടെ നാശത്തിന് കാരണമായതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. വിശാല കാഴ്ചപ്പാടുമായി പ്രകൃതിയുടെ നിയമങ്ങളെയും മനസിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജല ആവാസവ്യവസ്ഥയ്ക്ക് കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കുസാറ്റ് സംഘടിപ്പിച്ച രാജ്യാന്തര കോണ്‍ഫറന്‍സ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.  

പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട സുപ്രധാന വിധികളിലൂടെ ശ്രദ്ധേയനായ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ന്യായാധിപനെന്ന നിലയില്‍ സ്വീകരിച്ച നിലപാടുകള്‍ വ്യക്തമാക്കിയാണ് രാജ്യാന്തര കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന വേദിയില്‍ കയ്യടി നേടിയത്. കേരളത്തില്‍ പ്ലാസ്റ്റിക് നിരോധനത്തിന് തുടക്കം കുറിച്ചതിന്റെ ചരിത്രം അദ്ദേഹം വേദിയില്‍ അവതരിപ്പിച്ചു. 

 പ്രകൃതിയുടെ നിയമങ്ങള്‍ മനുഷ്യന്‍ ലംഘിക്കുന്നതാണ് പ്രശ്നം. വികസനവും പ്രകൃതിസംരക്ഷണവും സംതുലിതമായി കൈകാര്യം ചെയ്യേണ്ട സ്ഥിയിലാണ് കാര്യങ്ങളെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള മുന്നൂറോളം പ്രതിനിധികളാണ് മൂന്നുദിവസത്തെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്.