തലവടിയിൽ 50 ഏക്കറിലെ നെൽച്ചെടി കരിഞ്ഞുണങ്ങി; അഴുകൽ രോഗം വ്യാപകം

അപ്പര്‍കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ക്ക് ഭീഷണിയായി നെല്‍ചെടി അഴുകല്‍രോഗം വ്യാപകമാകുന്നു. ആലപ്പുഴ തലവടിയില്‍ അന്‍പതേക്കറോളം പാടത്തെ നെല്‍ചെടികളാണ് കരിഞ്ഞുണങ്ങിയത്. പ്രളയശേഷം മണ്ണിന്‍റെ ഘടനയിലുണ്ടായ മാറ്റം തിരിച്ചടിക്ക് കാരണമായെന്നാണ് വിലയിരുത്തല്‍. 

നൂറുമേനി വിളവ് പ്രതീക്ഷിച്ച് വിത്തിറക്കിയ കര്‍ഷകര്‍ക്കാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്. തലവടിയില്‍ അന്‍പതേക്കറോളം നെല്‍ചെടികള്‍ കരിഞ്ഞു. ബാക്കിയുള്ളവയും അഴുകിതുടങ്ങി. വിതച്ച്, രണ്ടുതവണ വളമിട്ടു, പറിച്ചുനടീലും കഴിഞ്ഞു. രണ്ടുമാസത്തോളം പ്രായമായ ചെടികളിലാണ് പിന്നീട് പുളിയിളക്കമെന്ന് വിളിക്കുന്ന അഴുകല്‍രോഗം കണ്ടുതുടങ്ങിയത്. നീറ്റുകക്കയിട്ടുംമറ്റും പ്രതിരോധിച്ചെങ്കിലും ഫലംകണ്ടില്ല. വായ്പയെടുത്തും പണയംവച്ചും കൃഷിയിറക്കിയ കര്‍ഷകര്‍ , ഇനി എന്തുചെയ്യണമെന്നറിയാതെ കുഴയുകയാണ്. 

സമീപത്തെ പാടങ്ങളും ഇതേ ഭീഷണിനേരിടുന്നു. പ്രളയത്തിന് ശേഷം മണ്ണിന്‍റെ ഘടനയിലുണ്ടായ മാറ്റമാണ് മുന്‍പില്ലാത്ത ഈ പ്രതിഭാസത്തിന് കാരണമെന്നാണ് കരുതുന്നത്. പതിറ്റാണ്ടുകളോളം വിളനല്‍കിയ പാടങ്ങള്‍ , കൃഷിയോഗ്യമാല്ലാതാകുമ്പോള്‍ കര്‍ഷകരുടെ ഉപജീവനംതന്നെ ചോദ്യമാവുകയാണ്. അതിനാല്‍ , അധികൃതരുടെ അടിയന്തരഇടപെടല്‍ അനിവാര്യം.