ഫ്ലാറ്റ് സമുച്ചയത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷം

ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടിമാലി മച്ചിപ്ലാവില്‍ നിര്‍മിച്ച ഫ്‌ളാറ്റ് സമുച്ചയത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. ഫ്‌ളാറ്റിലെ  ജലവിതരണ സംവിധാനത്തില്‍ ശുദ്ധജലം ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ എട്ട് മാസമായി ഫ്‌ളാറ്റിന് സമീപത്തെ കുളങ്ങളില്‍ നിന്നും വെള്ളമെത്തിച്ചാണ്   കുടുംബങ്ങള്‍ കഴിഞ്ഞ് കൂടുന്നത്.

അടിമാലി ഗ്രാമപഞ്ചായത്തിലെ 150  കുടുംബങ്ങള്‍ക്ക് മച്ചിപ്ലാവില്‍ ഫ്‌ളാറ്റ് സമുച്ചയം നിര്‍മിച്ച്  നല്‍കിയെങ്കിലും കുടിവെള്ളമില്ലാതെ  കുടുംബങ്ങള്‍ വലയുന്നു. അടിസ്ഥാന സൗകര്യമായി ഒരുക്കേണ്ടിയിരുന്ന ശുദ്ധജല സംവിധാനം ഇനിയും ഒരുക്കിയിട്ടില്ല. കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും പുറത്തു നിന്ന് വെള്ളമെത്തിക്കണം. വേനല്‍ കനത്തതോടെ  കുടിവെള്ളം നല്‍കിയിരുന്ന അയല്‍ വീടുകളില്‍ നിന്നും വെള്ളം കിട്ടാത്ത സ്ഥിതിയാണ്.

ഇരുചക്രവാഹനങ്ങളിലോ ഓട്ടോറിക്ഷകളിലോ പോയാണ് കുടുംബങ്ങള്‍ കിട്ടുന്നിടത്തുനിന്നും കുടിവെള്ളം ശേഖരിച്ച് വരുന്നത്.   പാര്‍പ്പിട സമുച്ചയത്തിനുള്ളില്‍ ലഭിക്കുന്നത് മലിന ജലമാണെന്നാണ് പരാതി. ഇവിടെ  മലിനജല സംസ്‌ക്കരണം കാര്യക്ഷമമല്ലെന്ന  പരാതിയും ഉയരുന്നുണ്ട്. .