'ഓപ്പണ്‍ മസ്ജിദ് ഡേ' ആഘോഷിച്ച് കൊച്ചി; പങ്കെടുത്ത് പൗരപ്രമുഖർ

ഇതര മതസ്ഥരെ സാക്ഷിയാക്കി കൊച്ചി ഗ്രാന്‍ഡ് മസ്ജിദില്‍ ഓപ്പണ്‍ മസ്ജിദ് ഡേ ആഘോഷം. ഹൈക്കോടതി ജസ്റ്റിസുമാരടക്കമുള്ള പൗരപ്രമുഖര്‍ വെള്ളിയാഴ്ചത്തെ ജുമാ നമസ്കാരം വീക്ഷിക്കാനെത്തിയിരുന്നു.

ബഹുസ്വരത നിലനില്‍ക്കുന്ന രാജ്യത്ത് പരസ്പരം അറിയാനും അടുക്കാനും അവസരമൊരുക്കുകയായിരുന്നു ഓപ്പണ്‍ മസ്ജിദ് ഡേയുടെ ലക്ഷ്യം. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് നടന്ന ജുമാ നമസ്കാരത്തിന് സാക്ഷികളാകാനെത്തിയവരെ പള്ളിയിലേക്ക് ആനയിച്ചു. ഇമാം എം.പി.ഫൈസല്‍ ഖുതുബയ്ക്ക് നേതൃത്വം നല്‍കി. പരസ്പരം മനസിലാക്കാനുള്ള മികച്ച നീക്കമാണ് ഓപ്പണ്‍ മസ്ജിദ് ഡേയെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

ജസ്റ്റിസുമാരായ ഷംസുദ്ദീന്‍, അലക്സാണ്ടര്‍ തോമസ്, അബ്ദുള്‍ റഹീം, വൈദികര്‍, സന്ന്യാസിമാര്‍ എന്നിവര്‍ക്ക് പുറമേ മറ്റ് പൗരപ്രമുഖരും ജുമാ നമസ്കാരം വീക്ഷിക്കാനെത്തിയിരുന്നു. രണ്ടുമാസത്തിലൊരിക്കല്‍ ഓപ്പണ്‍ മസ്ജിദ് ഡേ നടത്താനാണ് അധികൃതരുടെ തീരുമാനം.