ട്രോമ കെയർ പ്രവർത്തനം അവതാളത്തിൽ; ശവപ്പെട്ടിയെടുത്ത് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്

ഒരു വര്‍ഷം മുന്‍പ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ തുടങ്ങിയ ട്രോമ കെയറിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ ലഭിക്കുന്നില്ലെന്ന് പരാതി. മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഉണ്ടായിട്ടും രോഗികള്‍ക്ക് പ്രയോജനപ്പെടുന്നില്ല. പ്രതിഷേധമെന്നോണം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശവപ്പെട്ടിയുമായി ജില്ലാ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി.

വാഹനാപകടത്തിൽ സാരമായി പരുക്കേറ്റ രോഗികളെപ്പോലും വിദഗ്ധ ചികിത്സയ്ക്കായി ഇതര ജില്ലകളിലേക്കോ, കോയമ്പത്തൂരിലേക്കോ കൊണ്ടു പോകേണ്ട സ്ഥിതി ഉണ്ടാകാതിരിക്കാനാണ് പാലക്കാട് ജില്ലാ ആശുപത്രിയില്‌ ട്രോമ കെയര്‍ ഒരുവര്‍ഷം മുന്‍പ് തുടങ്ങിയത്. എന്നാലിതിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്നാണ് പരാതി. സാധാരണപ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം റഫര്‍ ചെയ്യുകയാണ് പതിവ്. പ്രതിഷേധമെന്നോണം യൂത്തുകോണ്‍ഗ്രസ് രംഗത്തെത്തി. ട്രോമ കെയറിന് ആദരാജ്ഞലി അർപ്പിച്ച് ശവപ്പെട്ടിയുമായി ജില്ലാ ആശുപത്രിയിലേക്ക് മാർച്ച്‌ നടത്തി

മെഡിക്കൽ കോളേജിലെ 12 സർജൻമാരുടെയും 40 നഴ്സുമാരുടെയു സേവനം ജില്ലാ ആശുപത്രിക്ക് ലഭ്യമാണെങ്കിലും അവർക്ക് ഡ്യൂട്ടി നിശ്ചയിച്ചു നല്‍കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ലെവൽ 3 ചികിത്സാ സംവിധാനമാണ് ആശുപത്രിയിലുളളത്.