കടന്നൽ ഭീതിയിൽ ഒതളൂർ; ഒരുമാസത്തിനിടെ ആക്രമിക്കപ്പെട്ടത് 13 പേർ

പാലക്കാട് തൃത്താല ഒതളൂര്‍ മേഖലയില്‍ കടന്നലിന്റെ ശല്യം വര്‍ധിക്കുന്നു. ഇന്ന് നാലുപേരാണ് കടന്നലിന്റെ കുത്തേറ്റ് ചികില്‍സതേടിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ പതിമൂന്നു പേര്‍ക്ക് കടന്നലിന്റെ കുത്തേറ്റതാണ് വിവരം.

കൃഷിക്കാരനായ കൊമ്മന്ത്ര പറമ്പിൽ കൃഷ്ണൻകുട്ടി പാടത്തിറങ്ങിയപ്പോഴായിരുന്നു കടന്നൽ കൂട്ടം ആക്രമിച്ചത്. തുടര്‍ന്ന് വസ്ത്രം ഉരിഞ്ഞ് ദേഹത്ത് ചുറ്റി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഫലംകാണാതെ വന്നതോടെ സമീപമുളള കുളത്തിൽ ചാടി. ഇരുപത് മിനുറ്റോളം കുളത്തില്‍ കിടന്നു. 

മുഖത്തും, കയ്യിലും പരുക്കേറ്റ കൃഷ്ണൻകുട്ടി വീട്ടിലെത്തിയപ്പോഴാണ് അയൽവാസിയായ കാഞ്ഞിരക്കാട് വീട്ടിൽ അലവിഹാജി പാടത്ത് ചെളിയിൽ വീണു കിടക്കുന്നതായി അറിയുന്നത്. വൈദ്യുതാഘാതമാണെന്ന നിഗമനത്തിൽ തൃത്താല പൊലീസിലും, അഗ്നിശമനസേനയിലും വിവരം അറിയിച്ചു. എന്നാലിതും കടന്നലിന്റെ കുത്തേറ്റ് തളർന്നുവീണതായിരുന്നു. രക്ഷിക്കാനെത്തിയ രണ്ടുപേരുള്‍പ്പെടെ പരുക്കേറ്റവരെല്ലാം എടപ്പാളിലെ സ്വകാര്യആശുപത്രിയില്‍ ചികില്‍സതേടി. ഒരു മാസത്തിനിടെ കടന്നൽ ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പടെ 13 പേർക്കാണ് പരുക്കേറ്റത്.

കടന്നൽ ആക്രമണം കൂടി വരുന്നത് കുട്ടികളെ ഉള്‍പ്പെടെ ഭീതിയിലാക്കിയിട്ടുണ്ട്.