വൈക്കത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം; പാടശേഖരങ്ങളില്‍ മാലിന്യം തള്ളുന്നു

വൈക്കം നഗരത്തിലും സമീപ പഞ്ചായത്തുകളിലെ പാടശേഖരങ്ങളിലും വ്യാപകമായി ശുചിമുറി മാലിന്യം തള്ളുന്നതായി പരാതി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യമാണ് രാത്രി വൈക്കത്തും പരിസരത്തും തള്ളുന്നത്. നാട്ടുകാരില്‍ നിന്നുള്ള എതിര്‍പ്പ് മറികടക്കാന്‍ ക്വട്ടേഷന്‍ സംഘത്തെയും കൂട്ടിയാണ് മാലിന്യം തള്ളാനെത്തുന്നത്.  

കഴിഞ്ഞ കുറേമാസങ്ങളായി വൈക്കത്തെ ജലസ്രോതസുകളിലും പാടശേഖരങ്ങളിലുമാണ് ശുചിമുറി മാലിന്യം തള്ളുന്നത്. നാട്ടുകാര്‍ ഇടപ്പെട്ട് പലതവണ താക്കീത് നല്‍കിയെങ്കിലും മാലിന്യം തള്ളുന്നത് തുടരുകയാണ്. കഴിഞ്ഞ മാസം മാലിന്യം തള്ളാനെത്തിയ ലോറികളിലൊന്ന് വെച്ചൂരില്‍ അഗ്നിക്കിരയാക്കി. ഇതോടെ നാട്ടുകാരെ നേരിടാന്‍ ലോറി ഉടമകള്‍ ക്വട്ടേഷന്‍ സംഘത്തെയും നിയോഗിച്ചു. കഴിഞ്ഞ ഒരുമാസമായി നഗരസഭ പരിധിയിലാണ് മാലിന്യം നിക്ഷേപിക്കുന്നത്. ചെത്തിമംഗലം റോഡിന് സമീപം മാലിന്യം നിക്ഷേപിക്കാനെത്തിയ ലോറി കഴിഞ്ഞ ദിവസം അ‍ജ്ഞാത സംഘം അടിച്ചു തകര്‍ത്തു. വടക്കേ നട പാർക്കിംഗ് ഗ്രൗണ്ടിലെ ശുചി മുറിയിൽ നിന്ന് ശേഖരിച്ച മാലിന്യ തള്ളാൻ എത്തിയ ലോറിക്ക് നേരെയായിരുന്നു ആക്രമണം. 

നാട്ടുകാർ നൽകിയ വിവരങ്ങള്‍ അനുസരിച്ച് നാല് വാഹനങ്ങള്‍ക്ക് നേരെ പൊലീസ് നടപടിയെടുത്തുവെങ്കിലും മാലിന്യ നിക്ഷേപം തുടരുകയാണ്. മാലിന്യം ശേഖരിക്കുന്ന വാഹനങ്ങളിൽ ജി.പി.എസ് സംവിധാനം ഏർപ്പെടുത്തണമെന്ന്് ട്രാൻസ്പോർട്ട് കമ്മീഷണറോട് ആവശ്യപ്പെടാനാണ് പൊലീസിന്‍റെ തീരുമാനം.