വെള്ളക്കെട്ട്; വ്യാപാരികൾ ഇപ്പോഴും ദുരിതക്കയത്തിൽ

എറണാകുളത്ത് കഴിഞ്ഞ മാസമുണ്ടായ വെള്ളക്കെട്ടിന്‍റെ ദുരിതത്തിൽനിന്ന് കരകയറാനാവാതെ വ്യാപാരികൾ. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായ നോർത്ത് പരമാര റോഡിലെ പ്രിന്റിങ് സ്ഥാപനങ്ങൾക്ക് ഇതുവരെ തുറന്ന് പ്രവര്‍ത്തിക്കാനായിട്ടില്ല. പ്രശ്ന പരിഹാരത്തിന് നടപടിയെടുക്കാത്ത അധികൃതര്‍ക്കെതിരെ വ്യാപാരികൾ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. 

എറണാകുളത്ത് ഏറ്റവും കൂടുതൽ പ്രിന്റിങ് സ്ഥാപനങ്ങളുള്ള പ്രദേശമാണ് നോർത്ത് പരമാരാ റോഡ്. പലസ്ഥാപനങ്ങളും റോഡിന്റെ നിരപ്പിലും താഴെയാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ വലിയ വെള്ളകെട്ടുണ്ടായാൽ സ്ഥാപനങ്ങളിൽ വെള്ളം കയറും. കഴിഞ്ഞ മാസമുണ്ടായ ശക്തമായ മഴയിൽ കൊച്ചി നഗരം ആകെ മുങ്ങിയിരുന്നു. അതിന്റെ കെടുതിയിൽനിന്ന് വ്യാപാരികൾ പലരും തിരിച്ചെത്തിയെങ്കിലും പരമാരാ റോഡിലെ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനം തുടങ്ങാനായിട്ടില്ല. പ്രിന്റിങ് മെഷീനുകൾ പലതും പൂർണമായും ഭാഗികമായും നശിച്ച നിലയിലാണ്. ലക്ഷങ്ങൾ മുടക്കി വാങ്ങിയ ഉപകരണങ്ങൾ നന്നാക്കുന്നതിന്റെ തിരക്കിലാണ് പലരും.

കഴിഞ്ഞ പതിനഞ്ച് വർഷമായി ഇവിടെ കാന ശുചീകരിച്ചിട്ടെന്ന് വ്യാപാരികൾ പറയുന്നു. കൂടാതെ കാനകളിലേക്ക് മാലിന്യം വലിയ തോതിൽ തള്ളുന്നതും പ്രതിസന്ധിയുണ്ടാക്കുന്നു. കാനയുടെ വീതി കൂട്ടി പ്രശ്നപരിഹാരം കാണണമെന്നാണ് വ്യാപാരികളുടെ ആവശ്യം.