ചോരക്കുഴി പള്ളിയിൽ ഓർത്തഡോക്സ്-യാക്കോബായ സംഘർഷം

കൂത്താട്ടുകുളം ചോരക്കുഴി മാര്‍ സ്‌തെഫാനോസ്  പള്ളിയില്‍ ഓര്‍ത്തഡോക്‌സ് - യാക്കോബായ സംഘർഷം. കോടതി വിധി അനുസരിച്ചു പള്ളിയിൽ പ്രവേശിക്കാൻ എത്തിയ ഓർത്തഡോക്സ് സഭാഅംഗങ്ങളെ യാക്കോബായക്കാർ തടഞ്ഞു. വിധി നടപ്പിലാക്കും വരെ പള്ളിയുടെ മുന്നില്‍ പ്രതിഷേധ സമരം തുടരുമെന്ന് ഓർത്തഡോക്സ് സഭാ നേതൃത്വം അറിയിച്ചു.

ഫാ. ഗീവര്‍ഗീസ് കൊച്ചുപറമ്പില്‍ റമ്പാന്റെ നേതൃത്വത്തിൽ കോടതി വിധി അനുസരിച്ച് പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്സുകാരെ  യാക്കോബായക്കാർ തടഞ്ഞതോടെയാണ് നേരിയ സംഘർഷം ഉണ്ടായത്. യാക്കോബായക്കാർ പള്ളിയുടെ ഗേറ്റ് പൂട്ടിയതോടെ ഓര്‍ത്തഡോക്‌സുകാർ  പള്ളിയുടെ മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.  നാളെ രാവിലെ 11 മണി വരെ സമാധാന സമരം തുടരും. രാവിലെ മുവാറ്റുപുഴ മുൻസിഫ് കോടതി വിധി വന്നതിന് ശേഷം തുടർ നടപടികൾ തീരുമാനിക്കുമെന്നു ഓർത്തഡോക്സ് സഭ.

എന്നാൽ ഓർത്തഡോക്സുകാരെ പള്ളിയിൽ പ്രവേശിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ച് യാക്കോബായ വിഭാഗം പള്ളിക്കുള്ളിൽ തുടരുകയാണ്. നൂറുകണക്കിന് അംഗങ്ങളും, വൈദീകരും, ഐസക് മാർ ഒസ്താത്തിയോസിന്റെ നേതൃത്വത്തിലാണ് പ്രതിഷേധിക്കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്തു വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്.