അശാസ്ത്രീയ കേബിളിടൽ; ബ്രോഡ്‌വേ വെള്ളത്തിൽ; പ്രതിഷേധം

കേബിളിടാന്‍ ഒാടകളുടെ വീതികുറച്ചത് കൊച്ചിയിലെ കച്ചവടകേന്ദ്രമായ  ബ്രോഡ്്വേയെ വെള്ളത്തിലാക്കിയെന്ന്  വ്യാപാരികള്‍. അശാസ്ത്രീയമായ നിര്‍മാണം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയെടുക്കാത്ത നഗരസഭ,, ഒാടകള്‍ വൃത്തിയാക്കാറില്ലെന്നും വ്യാപാരികള്‍ ആരോപിക്കുന്നു. നഗരസഭയ്ക്കെതിരെ ശക്തമായ പ്രതിഷേധത്തിനുള്ള നീക്കത്തിലാണ് കൊച്ചിയിലെ വ്യാപാരി സമൂഹം.

ഒക്ടോബര്‍ 21നുണ്ടായ പെരുംമഴ ബ്രോഡ്്വേയെ വെള്ളത്തില്‍ മുക്കിയതിന്റെ കാരണം അന്വേഷിച്ച് ഇനിയാരും തലപുകയ്ക്കേണ്ട. എം.ജി. റോഡ്, ടി.ഡി റോഡ് എന്നിവിടങ്ങളിലെ കാനകളിലൂടെ ഒഴുകിയെത്തുന്ന മലിനജലം കടന്ന് പോകേണ്ട ബ്രോഡ്്വേയുടെ കാനകളുടെ ഇന്നത്തെ അവസ്ഥയിതാണ്.

നാലടിയോളം വീതിയുണ്ടായിരുന്ന കാന കേബിള്‍ ഇടുന്നതിനായി രണ്ടായി മുറിച്ചു. ഇതോടെ വീതി ഒന്നരയടിയായി  കാന പലയിടത്തും പ്ലാസ്റ്റിക് മാലിന്യം  ഒഴുകിയെത്തി അടഞ്ഞ നിലയിലും. വെള്ളക്കെട്ടുണ്ടായപ്പോള്‍ പേരിനൊരു വൃത്തിയാക്കല്‍ മാത്രം. പിന്നീടിങ്ങോട്ട് നഗരസഭ അധികൃതര്‍ തിരിഞ്ഞ്നോക്കിയിട്ടില്ല.

ഒക്ടോബര്‍ 21 ലെ വെള്ളപ്പൊക്കം വരുത്തിവച്ച നാശനഷ്ടത്തില്‍ നിന്ന് ഇവരിപ്പോഴും കരകയറിയിട്ടില്ല. ഇതിനെല്ലാം പുറമെ മറൈന്‍ഡ്രൈവിലൂടെ മലിനജലം ഒഴുകി മാര്‍ക്കറ്റ് കനാലിലേക്ക് ചെന്ന് പതിക്കേണ്ടത് 70 വര‍്‍ഷം മുന്‍പ് നിര്‍മിച്ച ഒരടിമാത്രം വീതിയുള്ള ഒാടയിലൂടെ.   ടൈല്‍ പാകി  നഗരവീഥികള്‍ ഭംഗി കൂട്ടിയത് കൊണ്ട് മാത്രം കാര്യമില്ല, ഒാടകള്‍ ശാസ്ത്രീയമായി നിര്‍മിച്ചാല്‍ മാത്രമേ വെള്ളക്കെട്ടെന്ന് ദുരിതത്തില്‍ നിന്ന് നഗരം കരകയറൂ.