ചാലാപ്പള്ളി പാലം പുനര്‍നിര്‍മിക്കാനുള്ള തുക വകമാറ്റി ചെലവഴിച്ചെന്ന് പരാതി

തകര്‍ന്നപാലം പുനര്‍നിര്‍മിക്കാനുള്ള തുക നഗരസഭ വകമാറ്റി ചെവഴിച്ചതായി പരാതി. ആലപ്പുഴ കായംകുളത്തെ ചാലാപ്പള്ളി പാലമാണ് ഒരുവര്‍ഷമായി തകര്‍ന്നുകിടക്കുന്നത്. മരത്തടികള്‍കൊണ്ടുള്ള താല്‍കാലിക പാലത്തിലൂടെ കാല്‍നടയായി മാത്രമാണ് നാട്ടുകാര്‍ക്ക് ഇപ്പോള്‍ അക്കരെയിക്കരെ എത്താനാകുന്നത്

കഴിഞ്ഞവര്‍ഷമുണ്ടായ പ്രളയത്തിലാണ് ചെമ്മക്കാട്– മൂലശ്ശേരി റോഡിലുള്ള ചാലാപ്പള്ളി പാലം തകർന്നത്. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് പാലം നിര്‍മാണത്തിന് നഗരസഭാ 50 ലക്ഷം രൂപ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചു. എന്നാൽ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയില്ല. അനുവദിച്ച തുക കൗണ്‍സില്‍ ഹാള്‍ നവീകരിക്കാനും ലിഫ്റ്റ് നിര്‍മ്മാണത്തിനുമായി വകമാറ്റി ഉപയോഗിച്ചുവെന്നാണ് യുഡിഎഫിന്റെ ആരോപണം

എന്നാല്‍ ഇതിന്‍റെ രേഖകള്‍ പരസ്യപ്പെടുത്താന്‍ നഗരസഭ ചെയര്‍മാന്‍ വെല്ലുവിളിച്ചു. മൂന്നുവാർഡുകളിൽ റോഡിന്റെ അറ്റകുറ്റപ്പണിക്കായാണ് തുക മാറ്റിയതെന്ന് സമ്മതിക്കാനും ചെയർമാൻ മടിച്ചില്ല. പാലംപണി ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് കീരിക്കാട്ടെ ജനകീയ കൂട്ടായ്മ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി. പാലംനിര്‍മാണത്തെച്ചൊല്ലി നഗരസഭായോഗത്തില്‍ എന്നും ബഹളമാണ്