ഓണാട്ടുകരയുടെ ഓണാഘോഷങ്ങള്‍ക്ക് സമാപനം; ഓച്ചിറ കാളകെട്ടുൽസവത്തോടെ പരിസമാപ്തി

ഓണാട്ടുകരയുടെ ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചു കൊണ്ട് ഓച്ചിറയില്‍ കാളകെട്ടുല്‍സവം. അന്‍പത്തിരണ്ടു കരകളില്‍ നിന്നായി ഇരുന്നൂറ്റിഅന്‍പതോളം കെട്ടുകാളകളാണ് ഇത്തവണ ഓച്ചിറ പടനിലത്ത് എത്തിയത്. 

ഞക്കനാല്‍ പടിഞ്ഞാറെ കരക്കാരുടെ 65 അടി ഉയരമുള്ള വിശ്വപ്രജാപതി കാലഭൈരവന്‍ മുതല്‍ കൈവെള്ളയില്‍ വെയ്ക്കാവുന്ന കുഞ്ഞ് കെട്ടുകാളകള്‍ വരെ ഓച്ചിറ പടനിലത്ത് അണി നിരന്നു. ഇരുപത്തിയെട്ടാം ഓണ ദിവസമായ ഇന്നലെ വിവിധ കരകളില്‍ നിന്നു ഇരുന്നൂറ്റിഅന്‍പതോളം കെട്ടുകാഴ്ച്ചകളാണ് പരബ്രഹ്മ സന്നിധിയിലെത്തിയത്. ഭീമാകാരന്‍മാരായ കെട്ടുകാളകളെ ക്രെയിനുകളുടെ സഹായത്തോടെയാണ് പടനിലത്ത് എത്തിച്ചത്. പതിനായിരങ്ങളാണ് കാളകെട്ടുല്‍വസം കാണാന്‍ ഓച്ചിറയില്‍ എത്തിയത്. ഇന്നു രാത്രിയോടെ കെട്ടുകാളകള്‍ കരകളിലേക്ക് മടങ്ങും.