കുതിരാനിൽ ദുരിതയാത്ര; രൂക്ഷവിമർശനവുമായി സാറാ ജോസഫ്

തകര്‍ന്നു തരിപ്പണമായ തൃശൂര്‍ കുതിരാന്‍ ദേശീയപാതയില്‍ ലോറി ഉടമകളുടേയും ജീവനക്കാരുടേയും സമരം. യാത്രക്കാരുടെ നടുവൊടിക്കുന്ന റോഡു നേരെയാക്കാത്ത സര്‍ക്കാരുകളെ ഉദ്ഘാടന പ്രസംഗത്തില്‍ എഴുത്തുകാരി സാറാ ജോസഫ് രൂക്ഷമായി വിമര്‍ശിച്ചു. 

കുതിരാന്‍ ദേശീയപാതയില്‍ ദുരിതയാത്ര തുടരുകയാണ്. വലിയ കുഴികളില്‍ വീണ് ലോറികള്‍ തകരാറിലാകുന്നത് പതിവുസംഭവം. കഴിഞ്ഞ കുറേനാളുകളായി തുടരുന്ന ഈ ദുരിതയാത്ര പരിഹരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടുന്നില്ലെന്ന് സമരക്കാര്‍ ആരോപിച്ചു.

നിര്‍മാണം പൂര്‍ത്തിയായ തുരങ്കപാതകളില്‍ ഒന്നെങ്കിലും താല്‍ക്കാലികമായി തുറക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. റോഡ് ഇനിയും നേരെയാക്കിയില്ലെങ്കില്‍ സമരം പ്രഖ്യാപിക്കുമെന്നാണ് ലോറി ഉടമകളുടെ മുന്നറിയിപ്പ്. കുതിരാന്‍ ദേശീയപാത പിന്നിടണമെങ്കില്‍ ഗതാഗത കുരുക്ക് കടക്കണം. മണിക്കൂറുകളോളം നീളുന്ന കുരുക്കില്‍ യാത്രക്കാര്‍ കുടുങ്ങുകയാണ്.