തിരുവല്ലയിൽ പായസമേള; വിൽപന ഉത്രാടം വരെ

 ഓണനാളുകളില്‍ തിരുവല്ലക്കാര്‍ക്ക് രുചിവൈവിധ്യം ആസ്വദിക്കാന്‍ ഒരു പായസമേള. കുടുംബശ്രീ ജില്ലാമിഷനും നഗരസഭയും ചേര്‍ന്നാണ് നാലുദിവസത്തെ മേള ഒരുക്കിയിട്ടുള്ളത്.

മലയാളിയുടെ പായസപ്രേമത്തെ മധുരവൈവിദ്യംകൊണ്ട് കീഴടക്കുകയാണ് തിരുവല്ലയിലെ പായസമേള. ഓണസദ്യയില്‍നിന്ന് ഒഴിച്ചുകൂട്ടാനാകാത്ത പാലടപ്രഥമനില്‍ തുടങ്ങി, മുളയരി, ക്യാരറ്റ്, ഇളനീര്‍, ചക്ക, മാമ്പഴം, പൈനാപ്പിള്‍ അങ്ങനെ, രുചിവൈവിധ്യമേറെ ആസ്വദിക്കാം മേളയിലെത്തിയാല്‍ .. തിരുവല്ലയിലെ കുടുംബശ്രീ വില്ലേജ് സൂക്കില്‍ ആരംഭിച്ച മേള , നഗരസഭാ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍ ഉദ്ഘാടനംചെയ്തു. കലര്‍പ്പില്ലാത്തതും, മായംകലരാത്തതുമായ പായസമാണ് ഉപഭോക്തക്കളെ കാത്തിരിക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു. 

ഉത്രാടംവരെ വില്‍പനയുണ്ടാകും. മിതമായനിരക്കില്‍ ലഭ്യമാകുന്ന പായസത്തിന് പുറമെ, കുടുംബശ്രീ ജില്ലാമിഷന് കീഴിലുളള വില്ലേജ് സൂക്കില്‍ വിഭവസമൃദ്ധമായ ഓണസദ്യയും ലഭ്യമാണ്.