കാലാവസ്ഥാ മാറ്റത്തില്‍ വലഞ്ഞ് തിരുവാണിയൂർ; പച്ചക്കറി കൃഷി നശിച്ചു

.കാലാവസ്ഥയിലെ വലിയമാറ്റം തിരിച്ചടിയായിരിക്കുകയാണ് തിരുവാണിയൂരിലെ കര്‍ഷകര്‍ക്ക്. മഴ പ്രതീക്ഷിച്ച് നട്ട പച്ചക്കറികള്‍ വെയിലേറ്റ് വാടിയതിന് പിറകേ പ്രളയം കൂടിയായപ്പോള്‍ ഒാണത്തിന് വിളവെടുക്കാന്‍ ഒന്നുമില്ലാതെ വിഷമിക്കുകയാണ് ഇവര്‍

ജില്ലയൊട്ടാകെയുള്ള ഒാണവിപണികളിലെ പച്ചക്കറികളില്‍ ഭൂരിഭാഗവും എത്തുന്നത് തിരുവാണിയൂര്‍ കര്‍ഷകസമിതിയില്‍ നിന്നാണ്.രണ്ടായിത്തി പതിനെട്ടിലെ പ്രളയത്തിലുണ്ടായ കാര്‍ഷിക വിളകളുടെ നാശം കണക്കിലെടുത്ത് ഇക്കുറി ഉയര്‍ന്ന പ്രദേശങ്ങളിലാണ് പലരും കൃഷിയിറക്കിയത്.എന്നാല്‍ ജൂലായ് ഒാഗസ്റ്റ് മാസങ്ങളിലെ മഴ പ്രതീക്ഷിച്ച് കൃഷിയിറക്കിയ കര്‍ഷകര്‍ക്ക്  ലഭിച്ചത് ചൂടേറ്റ് കരിഞ്ഞ വിളകള്‍. പത്ത് ദിവസത്തോളം മഴ ലഭിക്കാതെ വന്നതോടെ ഏക്കറു കണക്കിന് കൃഷിയിടമാണ് ഉണങ്ങി നശിച്ചത്. വരള്‍ച്ചക്ക് ശേഷം വന്ന പ്രളയത്തിലാകട്ടെ വിളകളെല്ലാം പൂര്‍ണ്ണമായി നശിച്ചു. ഉത്പാദനത്തില്‍ ഗണ്യമായ കുറവു വന്നതോെട ചെറിയ വിലയ്ക്കു പോലും പച്ചക്കറി വാങ്ങാന്‍ ആളില്ലാതായിരിക്കുകയാണ്. 

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് വിലയിടിവ് നേരിട്ട ഉല്‍പന്നങ്ങള്‍ ന്യായവിലക്ക് ഹോര്‍ട്ടികോര്‍പ്പ് ഏറ്റെടുത്ത് കര്‍ഷകര്‍ക്കു കൈതാങ്ങ് നല്‍കിയിരുന്നു. എന്നാല്‍ ഹോര്‍ട്ടികോര്‍പ്പും പച്ചക്കറികള്‍ എടുക്കാതായതോടെ വന്‍ കടക്കെണിയിലാണ് ഇവിടുത്തെ കര്‍ഷകര്‍. കഴിഞ്ഞവര്‍ഷം ഇരുപതിരണ്ട് ലക്ഷത്തോളം രൂപ വരുമാനം ഉണ്ടായ സമിതിയില്‍ ഇത്തവണ എട്ടുലക്ഷം രൂപ മാത്രമാണ് ലഭിച്ചത്