ഇഴഞ്ഞു നീങ്ങി ബൈപാസ് നിർമ്മാണം; പ്രതിഷേധവുമായി നാട്ടുകാർ

തിരുവല്ല നഗരത്തിലെ ഗതാഗതക്കുരുക്കില്‍ ജനങ്ങള്‍ നട്ടംതിരിയുമ്പോഴും ബൈപാസ് നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണ് പണിപൂര്‍ത്തിയാകാതെ കിടക്കുന്നത്. നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളെയടക്കം സഹായിക്കാന്‍ , ബൈപാസ് നിര്‍മാണം മനപൂര്‍വം വൈകിപ്പിക്കുകയാണെന്ന ആരോപണവും ശക്തമാണ്. ‌

എംസി റോഡിലൂടെ യാത്രചെയ്യുന്നവര്‍ തിരുവല്ല നഗരത്തിലെത്തിയാല്‍ നാട്ടിലെ ജനപ്രതിനിധികളെ ഉളളുകൊണ്ടെങ്കിലും സ്മരിക്കുമെന്ന് ഉറപ്പ്. നികുതിയടച്ച് വാഹനംകൊണ്ട് നിരത്തിലിറങ്ങുന്നവര്‍ അത്രയ്ക്ക് സഹിക്കുന്നുണ്ട്.  നഗരത്തില്‍പെട്ടുപോകാതെ സ്വതന്ത്രമായി യാത്രചെയ്യാനാണ് ബൈപാസ്നിര്‍മാണം വര്‍ഷങ്ങള്‍ക്കുമുന്‍പ് ആരംഭിച്ചത്.

അശാസ്ത്രീയ നിര്‍മാണമെന്ന ആരോപണംനിലനില്‍ക്കുന്നുണ്ടെങ്കിലും, രാമന്‍ചിറ മുതല്‍ മഴുവങ്ങാടുവരെയുളള ബൈപാസ് നിലവില്‍വന്നാല്‍ , അത് ഉപകരിക്കുക ലക്ഷക്കണക്കിന് യാത്രക്കാര്‍ക്കാണ്. പക്ഷെ, നിര്‍മാണം എങ്ങനെ വൈകിപ്പിക്കാമെന്ന ഗവേഷണത്തിലാണോ അധികൃതരെന്ന് തോന്നിപ്പോകും ബൈപാസിന്‍റെ നിര്‍മാണപുരോഗതി വിലയിരുത്തിയാല്‍ . ഇപ്പംശരിയാക്കിത്തരാമെന്ന വാഗ്ദാനംകേട്ട് തിരുവല്ലക്കാര്‍ മടുത്തു. ഉത്തരവാദിത്തം എംഎല്‍എയ്ക്കും എംപിക്കുമാണെന്ന്  നഗരസഭാ അധ്യക്ഷന്‍പറയുന്നു.  

എന്തായാലും, രണ്ടര കിലോമീറ്റര്‍ തികച്ചില്ലാത്ത ബൈപാസിനായി തിരുവല്ലക്കാര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് 23വര്‍ഷമായെന്നുകൂടി ഓര്‍മിപ്പിക്കട്ടെ. നടപടി എടുക്കേണ്ടവര്‍ക്ക് കുലുക്കമില്ല, സഹിക്കാന്‍ ജനമുണ്ടല്ലോ...