പാലക്കാട് സിപിഎമ്മിനെതിരായ അവിശ്വാസ പ്രമേയം വരാനിരിക്കെ യുഡിഎഫ് കൗൺസിലർമാർക്കെതിരെ കേസ്

പാലക്കാട് ഒറ്റപ്പാലം നഗരസഭയിലെ സിപിഎം ഭരണത്തിനെതിരായ അവിശ്വാസ പ്രമേയം വരാനിരിക്കെ യുഡിഎഫ് കൗൺസിലർമാർക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്. നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചതിന്റെ പേരിലാണ് പൊലീസ് കേസെടുത്തത്.

യുഡിഎഫ് അംഗങ്ങളായ സത്യൻ പെരുമ്പറക്കോട്, പി.എം.എ. ജലീൽ, മനോജ് സ്റ്റീഫൻ, സ്വതന്ത്ര അംഗമായ കെ.ബി. ശശികുമാർ എന്നിവർക്കെതിരെയാണ് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തത്. മോഷണ കേസിൽ പ്രതിയായ കൗണ്‍സിലര്‍ ബി. സുജാതയുടെ രാജിയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളിലെ പിഴവ്  പരിഹരിക്കണമെന്നാശ്യപ്പെട്ടാണ് കൗണ്‍സിലര്‍മാര്‍ സെക്രട്ടറിയെ ഉപരോധിച്ചത്. പ്രശ്നം പരിഹരിക്കാമെന്നു സെക്രട്ടറി നൽകിയ ഉറപ്പില്‍ സമരം അവസാനിച്ചിരുന്നു. സെക്രട്ടറി പരാതിയുമായി പൊലീസിനെ സമീപിച്ചത് കൗണ്‍സിലര്‍മാരെ വെട്ടിലാക്കി. നഗരസഭാ ചെയർമാനും വൈസ് ചെയർമാനും എതിരായ അവിശ്വാസ പ്രമേയം സെപ്റ്റബർ മൂന്നിന് ചര്‍ച്ച ചെയ്യാനിരിക്കെ രജിസ്റ്റർ ചെയ്യപ്പെട്ട കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് കോൺഗ്രസ് ആരോപണം.

        

സിപിഎമ്മിനു കേവല ഭൂരിപക്ഷമില്ലാത്ത നഗരസഭയിൽ ബിജെപി കൂടി അവിശ്വാസ പ്രമേയത്തെ അനുകൂലിക്കാൻ തീരുമാനിച്ചിരിക്കെയാണു സുപ്രധാന വഴിത്തിരിവ്. 36 അംഗ കൗൺസിൽ പ്രമേയം വിജയിക്കാൻ 19 പേരുടെ പിന്തുണയാണു വേണ്ടത്. യുഡിഎഫും സിപിഎം വിമതരുടെ സ്വതന്ത്രമുന്നണിയും ബിജെപിയും ചേർന്നാൽ പ്രതിപക്ഷത്തിന്റെ അംഗബലം 21 ആകും.