പ്രൊജക്ടുകളുമായി കുഞ്ഞുപ്രതിഭകൾ; 'ലിറ്റിൽ കൈറ്റ്സി'ന് കൊച്ചിയിൽ തുടക്കം

സ്കൂളുകളിലെ ഐടി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്സ് ' അംഗങ്ങൾക്കുള്ള സംസ്ഥാന ക്യാംപ് കൊച്ചിയിൽ തുടങ്ങി. കളമശ്ശേരി സ്റ്റാർട്ട് അപ് മിഷനിൽ നടക്കുന്ന ക്യാംപ് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

സ്വന്തം പ്രൊജക്ടുകളുമായി 231 ശാസ്ത്ര പ്രതിഭകളാണ് കളമശേരി സ്റ്റാർട്ടപ്പ് മിഷനിലെ ക്യാംപിൽ പങ്കെടുക്കുന്നത്. ജില്ലാതല മൽസരങ്ങളിൽ വിജയിച്ചെത്തിയവർക്ക് രണ്ടു ദിവസമാണ് ക്യാംപ്. റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വിർച്വൽ റിയാലിറ്റി, ഓഗ് മെൻ്റ് റിയാലിറ്റി, ആനിമേഷൻ തുടങ്ങിയ മേഖലകളിലെ വിദഗ്ധർ വിദ്യാർഥികൾക്ക് പരിശീലനം നൽകും. കുട്ടികൾ തയാറാക്കിയ പ്രൊജക്ടുകളുടെ പ്രദർശനവും നടക്കുന്നുണ്ട്. ക്യാംപിൽ പങ്കെടുക്കാനായതിന്റെ സന്തോഷത്തിലാണ് കുട്ടികൾ.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി 2060 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്.  നിലവിൽ ഒരു ലക്ഷത്തിലധികം കുട്ടികൾ അംഗങ്ങായ ലിറ്റിൽ കൈറ്റ്സ് രാജ്യത്തെ തന്നെ ഏറ്റവും വലിയ ഐടി കൂട്ടായ്മകളിൽ ഒന്നാണ്.