ഹരിപ്പാട് കുടിവെള്ള പൈപ്പ് പൊട്ടി; മൂന്നാഴ്ച്ച പിന്നിട്ടു; ഒന്നും കാണാതെ അധികൃതർ

ആലപ്പുഴ ഹരിപ്പാട്  കുടിവെള്ള പൈപ്പുപൊട്ടി ശുദ്ധജലം പാഴായിട്ടും അധികൃതർക്ക് കണ്ടഭാവമില്ല.പള്ളിപ്പാട് കൃഷിഭവന് മുന്നിലാണ് മൂന്നാഴ്ചയായി കുടിവെള്ളം പാഴാവുന്നത്. 

മുട്ടം-പള്ളിപ്പാട് റോഡിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. മൂന്ന് ആഴ്ചയ്ക്ക് മുമ്പ് പൈപ്പ് പൊട്ടിയെങ്കിലും ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. പൈപ്പ് പൊട്ടി ഒഴുകുന്ന വെള്ളം, കൃഷി ഭവന് മുന്‍പിൽ കെട്ടികിടന്ന് ഇവിടെ എത്തുന്നവർക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. നാട്ടുകാരും കൃഷി ഭവനിലെ ഉദ്യോഗസ്ഥരും ഉൾപ്പടെ നിരവധി തവണ പരാതി അറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. 

ജില്ലയിൽ ശുദ്ധജലക്ഷാമം ഏറിയ നാടാണ് പള്ളിപ്പാട്. എന്നിട്ടും ജലഅതോറിറ്റിയുടെ നിസംഗത കാരണം കുടിവെള്ളം പാഴാകുകയാണ്. പമ്പിംഗ് ഇല്ലാത്ത സമയത്ത് പൊട്ടിയ പൈപ്പിലൂടെ മലിനജലം തിരികെ കയറുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും. കൂടാതെ റോഡ് തകരാനും ഇതുമതി കാരണമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.