ഫയലുകൾ വരാന്തയില്‍ തള്ളി ആലുവ താലൂക്ക് ഓഫീസ് അധികൃതർ; അനാസ്ഥ

വിവാദ ഭൂമിയിടപാടുകളുടെ അടക്കമുള്ള രേഖകൾ ആലുവ താലൂക്ക് ഓഫീസിന്റെ വരാന്തയിൽ തള്ളി അധിക‍ൃതരുടെ അനാസ്ഥ. ഇ–ഓഫീസാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് സുരക്ഷിതമായി സൂക്ഷിച്ച നൂറുകണക്കിന് ഫയലുകൾ മാസങ്ങള്‍ക്ക് മുന്‍പ് വരാന്തയില്‍ തള്ളിയത്. 

വിവാദമായ ചൂർണിക്കര ഭൂമിയിടപാടിന്റേത് അടക്കമുള്ള വിവരങ്ങള്‍ സൂക്ഷിക്കുന്ന ഓഫീസിലെ ഫയലുകളാണിത്. ഒാഫീസ് നവീകരണമാണെങ്കിലും ഫയലുകള്‍ വഴിയില്‍ തള്ളിയ അധികൃതരുടെ നടപടിക്കെതിരെ കടുത്ത ആക്ഷേപമാണ് ഉയരുന്നത്. വിവിധ ഓഫീസുകളിലായി നിരവധിപേർ കയറിയിറങ്ങുന്ന ഇവിടെനിന്ന് രേഖകൾ എന്തെങ്കിലും നഷ്പ്പെട്ടാല്‍പോലും ഒരാളും ചോദിക്കില്ല.

ഇ – ഒാഫീസിന്റെ മുഖമുദ്രയാകേണ്ട മുപ്പതില്‍പരം കമ്പ്യൂട്ടറുകൾ ഒാഫീസിന്റെ മൂലയില്‍ തള്ളിയിട്ടുണ്ട്. നവീകരണം പൂര്‍ത്തയാകുമ്പോഴേക്കും കമ്പ്യൂട്ടറുകള്‍ മാറ്റിവാങ്ങേണ്ട ഗതികേടുണ്ടാകുമെന്നകാര്യം ജില്ലാ ഭരണകൂടത്തിനുവരെ പരാതിയായി എത്തി. പക്ഷെ നടപടികളോ ആര്‍ക്കും ഉത്തരവാദിത്തമോ ഇല്ലെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.