ചമ്പക്കുളം മൂലം ജലോത്സവത്തിൽ നടുഭാഗം ചുണ്ടൻ ജേതാക്കൾ

പമ്പയാറ്റിൽ നടന്ന ചമ്പക്കുളം മൂലം ജലോത്സവത്തിൽ നടുഭാഗം ചുണ്ടൻ ജേതാക്കളായി. ചമ്പക്കുളം ചുണ്ടൻ രണ്ടാമതും ദേവസ് ചുണ്ടൻ മൂന്നാമതും എത്തി. വെപ്പ്, ഓടി വള്ളങ്ങളുടെ മത്സരങ്ങളും വാശി നിറഞ്ഞതായിരുന്നു.

ഒരു തുഴപ്പാട് അകലത്തിലാണ് ചമ്പക്കുളം ചുണ്ടനെ പിന്നിലാക്കി നടുഭാഗം ബോട്ട് ക്ലബ്‌ തുഴഞ്ഞ നടുഭാഗം ചുണ്ടൻ ജലരാജാവായത്. ഇത്‌ തുടർച്ചയായ രണ്ടാം തവണയാണ് രാജപ്രമുഖൻ ട്രോഫിയിൽ നടുഭാഗം മുത്തം വയ്ക്കുന്നത്.

കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്ത്‌ എത്തിയ കേരള പോലിസ് ടീം, ഇത്തവണ കാരിച്ചാലിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഓടി ബി ഗ്രേഡിൽ താണിയനും എ ഗ്രേഡിൽ മൂന്നുതൈക്കലും ജേതാക്കളായി. വെപ്പ് ബി ഗ്രേഡിൽ ചിറമേൽ തൊട്ടുകടവനും എ ഗ്രേഡിൽ അമ്പലക്കടവനും വിജയിച്ചു. വനിതകൾ തുഴഞ്ഞ തെക്കനോടിയിൽ ചമ്പക്കുളം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾ ഒന്നാമതെത്തി. ദേവീവിലാസം hss ലെ കുട്ടികൾ തുഴയാൻ എത്തിയ വേങ്ങയിൽ പുത്തൻവീട് വള്ളം എതിരാളികൾ ഇല്ലാതെ തുഴഞ്ഞു മുന്നേറി.