​400 കുടുംബങ്ങളെ മലിനജലം കുടിപ്പിച്ച് ജല അതോറിറ്റി; ഒടുവിൽ ഇടപെടൽ

ആലപ്പുഴ നഗരത്തിലെ നാനൂറോളം കുടുംബങ്ങളെ ജലഅതോറിറ്റി കുടിപ്പിച്ചത് മലിനജലം. പൈപ്പ് പൊട്ടി മാലിന്യം കലര്‍ന്നതാണ് വാടയ്ക്കല്‍ മേഖലയില്‍ കുടിവെള്ളത്തിന് ദുര്‍ഗന്ധമുണ്ടാകാന്‍ കാരണമെന്ന് പരിശോധനയില്‍ വ്യക്തമായി. മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് മേഖലയില്‍ ജലഅതോറിറ്റി ടാങ്കറുകളിലായി കുടിവെള്ളം വിതരണം ചെയ്തു.

പരാതികള്‍ കൂമ്പാരമായിട്ടും ഒന്നരമാസം തിരിഞ്ഞുനോക്കാതിരുന്ന ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ വാര്‍ത്ത പുറത്തുവന്നതോടെ മലിനജലത്തിന്റെ ഉറവിടം കണ്ടെത്താനിറങ്ങി. കളര്‍കോട് ഭാഗത്ത് രണ്ടിടങ്ങളിലായി പൈപ്പുപൊട്ടിയതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. മുപ്പതുവര്‍ഷത്തിലേറെ പഴക്കമുള്ളതാണ് ഈ പൈപ്പുകള്‍. തൊട്ടടുത്ത ഹോട്ടലില്‍നിന്നുള്ള മലിനജലമാണ് പൊട്ടിയപൈപ്പിലൂടെ വീടുകളിലെത്തിയതെന്നാണ് ആരോപണം

പമ്പിങ് നടത്താനാകുംവിധം പൈപ്പുകള്‍ പുനസ്ഥാപിച്ചു. രണ്ടുദിവസത്തെ ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ചയോടെ ശുദ്ധജലം വിതരണംചെയ്യും. അതേസമയം ദുര്‍ഗന്ധം നിറഞ്ഞ വെള്ളം ലഭിക്കുന്ന മേഖലയില്‍ ജലഅതോറിറ്റി ടാങ്കറുകളില്‍ കുടിവെള്ളം വിതരണം ചെയ്തു. നഗരസഭയിലെ മൂന്നുവാര്‍ഡുകളിലെ നാനൂറിലധികം വീടുകളിലെ കുടിവെള്ളപ്രശ്നത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.