മണ്ണുമാന്തിയന്ത്രം കസ്റ്റഡിയിലെടുത്തിട്ട് 7 മാസം; ഉദ്യോഗസ്ഥർക്കെതിരെ പരാതി

പ്രളയക്കെടുതിയില്‍ നശിച്ച ബണ്ട് കെട്ടാന്‍ പാടശേഖര സമിതി വിളിച്ച മണ്ണുമാന്തിയന്ത്രം റവന്യൂ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ട് ഏഴു മാസം. തൃശൂര്‍ പടവരാട് സ്വദേശി ടി.വി.സിജുവാണ് ഉദ്യോഗസ്ഥരുടെ വൈരാഗ്യത്തിന് ഇരയായത്. സിജുവിന്റെ പരാതിയിലെ നിജസ്ഥിതി ബോധ്യപ്പെട്ട് മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഇടപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല. 

തൃശൂര്‍ പടവരാട് സ്വദേശി ടി.വി.സിജു ഏഴു മാസമായി റവന്യൂ ഓഫിസുകള്‍ കയറിയിറങ്ങുന്നു. പ്രളയക്കാലത്ത് ആളുകളെ രക്ഷിക്കാന്‍ ടിപ്പര്‍ ലോറിയുമായി സജീവമായി രംഗത്തുണ്ടായിരുന്ന സിജുവിനെ അഭിനന്ദിച്ച അതേഉദ്യോഗസ്ഥര്‍ ഇന്നു ശത്രുപക്ഷത്താണ്. കുറ്റൂരിലെ പാടശേഖര സമിതിയാണ് ജെ.സി.ബി വിളിച്ചത്. പ്രളയത്തില്‍ ബണ്ടിന്‍റെ ചില ഭാഗം പൊട്ടി വെള്ളം പോയിരുന്നു. ഇത് അടച്ചില്ലെങ്കില്‍ കൃഷി നശിക്കുന്ന അവസ്ഥ. കര്‍ഷകരെ സഹായിക്കാനാണ് ജെ.സി.ബി കൊണ്ടുവന്നതും പണിയെടുത്തതും. പക്ഷേ, പാടശേഖര സമിതിയിലെ ഒരംഗത്തോട് കൃഷിവകുപ്പിലെതന്നെ ഉദ്യോഗസ്ഥര്‍ക്ക് വൈരാഗ്യമുണ്ടായിരുന്നു. ആ വൈരാഗ്യത്തിന് ഇരയായത് ജെ.സി.ബി ഉടമയാണെന്ന് മാത്രം.

ആര്‍.ഡി.ഒ., തഹസില്‍ദാര്‍ എന്നിവരുടെ റിപ്പോര്‍ട്ടുകളും സിജുവിന് അനുകൂലമായിരുന്നു. പക്ഷേ, വണ്ടി വിട്ടുകൊടുത്താല്‍ കൃഷി ഓഫിസര്‍ക്കെതിരെ അച്ചടക്ക നടപടി വരുമെന്നതിനാല്‍ ജെ.സി.ബി വിട്ടുകൊടുക്കാന്‍ തയാറായില്ലെന്ന് സിജു പറയുന്നു. അവസാന പ്രതീക്ഷയെന്ന നിലയ്ക്കു ഹൈക്കോടതിയില്‍ അഭയം തേടിയിരിക്കുകയാണ്.