കടമപ്പുഴ-അപ്രോച്ച് റോഡ് വിള്ളൽ പരിഹരിക്കും; പാലത്തിൽ പരിശോധന നടത്തി

കോട്ടയം കാഞ്ഞിരപ്പള്ളി തമ്പലക്കാട് റോഡിലെ കടമപ്പുഴ പാലത്തിനും അപ്രോച്ച് റോഡിനും ഇടയിലെ വിള്ളല്‍ പരിഹരിക്കുമെന്ന് പൊതുമരാമത്ത് ബ്രിഡ്ജ് വിഭാഗം. പാലത്തിൽ നടത്തിയ പരിശോധനകൾക്ക് ശേഷമാണ് അധികൃതരുടെ പ്രതികരണം. പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണം സംബന്ധിച്ച് നേരത്തെ പരാതികൾ ഉയർന്നിരുന്നു. 

പൊതുമരാമത്ത് ബ്രിഡ്ജ്  വിഭാഗം സൂപ്രണ്ട്എന്‍ജിനീയര്‍ എന്‍. ബിന്ദുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാലത്തിലും അപ്രോച്ച് റോഡിലും പരിശോധന നടത്തിയത്. പാലത്തിന് ബലക്ഷയം സംഭവിച്ചിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. പാലവും റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗത്ത് വിള്ളല്‍ രൂപപ്പെടുന്നത് സ്വഭാവികമാണെന്നും,  ഭാരവാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ അപ്രോച്ച് റോഡില്‍ കുലുക്കം അനുഭവപ്പെടുന്നത് സാധാരണമാണെന്നും അധികൃതർ വ്യക്തമാക്കി. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. 

അപ്രോച്ച് റോഡും പാലവും തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗത്തെ വിള്ളല്‍ പരിഹരിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കും. പരിശോധനയുടെ റിപ്പോര്‍ട്ട് ബ്രിഡ്ജസ് വിഭാഗം ചീഫ് എന്‍ജിനീയര്‍ക്ക് സമര്‍പ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഇതിന് ശേഷമായിരിക്കും തുടര്‍ നടപടി. അശാസ്ത്രീയമായ നിർമ്മാണമാണ് വിള്ളൽ രൂപപ്പെടാൻ കാരണമെന്ന് നേരത്തെ ആക്ഷേപമുയർന്നിരുന്നു. നിശ്ചിത ദിവസത്തിനുള്ളിൽ പണി പൂർത്തികരിക്കാൻ ശ്രമിച്ചപ്പോൾ നിർമ്മാണത്തിലെ കാര്യക്ഷമത ഉറപ്പുവരുത്തിയില്ലന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. 

2009 ഒക്ടോബറില്‍ നിര്‍മാണം ആരംഭിച്ച പാലം ആറുമാസം കൊണ്ടായിരുന്നു  പൂര്‍ത്തിയാക്കിയത്. കാഞ്ഞിരപ്പള്ളിയിൽനിന്ന്  പാലാക്ക് പോകാൻ നിരവധിപേർ ആശ്രയിക്കുന്ന ഈ വഴി, ശബരിമല സീസണിൽ അയ്യപ്പ ഭക്തരും ഉപയോഗപ്പെടുത്താറുണ്ട്.