മണിമലയാറ്റിലേക്ക് മാലിന്യം തള്ളുന്നത് പതിവാകുന്നു

കോട്ടയം കാഞ്ഞിരപ്പള്ളി മേഖലയിലെ ഫാക്ടറികളില്‍ നിന്ന് മണിമലയാറ്റിലേക്ക് മാലിന്യം തള്ളുന്നത് പതിവാകുന്നു. ആറ്റിലെ വെള്ളത്തിന്‍റെ നിറം മാറിയതിന് പുറമെ വെള്ളത്തിന് രൂക്ഷമായ ഗന്ധവും അനുഭവപ്പെടുന്നു. പ്രദേശത്തെ കിണറുകളിലെ വെള്ളത്തിലേക്കും മാലിന്യം പടര്‍ന്നു തുടങ്ങി.     

തീരത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന റബര്‍ ഫാക്ടറികളില്‍  നിന്നുള്ള മാലിന്യമാണ് മണിമലയാറ്റിലേക്ക് ഒഴുക്കുന്നത്. നിയന്ത്രിക്കാനും നടപടിയെടുക്കാനും ആരം തയ്യാറാകാത്തിനാല്‍ മണിമലയാര്‍ മാലിന്യത്താല്‍ നിറഞ്ഞു. കീലോമീറ്ററുകളോളം ദൂരത്തില്‍ പായല്‍ രൂപപ്പെട്ട സ്ഥിതിയാണ് നിലവില്‍. വെള്ളത്തിന്‍റെ നിറം പച്ചയായി മാറി ഒപ്പം രൂക്ഷമായ ഗന്ധവും. മാലിന്യം നിറഞ്ഞ ആറ്റില്‍ കുളിക്കാനിറങ്ങിയവര്‍ക്ക് ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടു. വേനല്‍ രൂക്ഷമായതോടെ ആറ്റില്‍ ജലനിരപ്പ് താഴ്ന്നു. തടയണകളില്‍ കെട്ടികിടക്കന്ന വെള്ളമാണ് നാട്ടുകാര്‍ ഉപയോഗിച്ചിരുന്നത് പായല്‍ നിറഞതോടെ വെള്ളം ഉപയോഗിക്കാന്‍ കഴിയാതായി. സമീപ പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളത്തിലും നിറമാറ്റമുണ്ടായി. 

മുന്‍വര്‍ഷങ്ങളിലും ഫാക്ടറികളില്‍ നിന്ന് മാലിന്യം ആറ്റിലേക്ക് തള്ളിയിട്ടുണ്ട്. നാട്ടുകാരുടെ പരാതിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പരിശോധനയിലും ഇത് സ്ഥിരീകരിച്ചു. പക്ഷെ കാര്യമായ നടപടിയൊന്നും ഉണ്ടായില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ തുടരുന്ന നിസംഗതയാണ് ഫാക്ടറി ഉടമകളും മുതലെടുക്കുന്നത്.